Pathanamthitta local

സംസ്ഥാന വ്യാപകമായി ഭൂസമരം ആരംഭിക്കാന്‍ ഭൂ അധികാര സംരക്ഷണ സമിതി

പത്തനംതിട്ട: രാജമാണിക്യം റിപോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ പത്തനംതിട്ടയില്‍ കണ്‍വന്‍ഷനും റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് ഭൂ അധികാര സംരക്ഷണ സമിതി നേതാവ് എം ഗീതാനന്ദന്‍, ആദിവാസി ദലിത് മുന്നേറ്റസമിതി പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍, ചെങ്ങറ അംബേദ്്ക്കര്‍ സ്മാരക ഡവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് ടി ആര്‍ ശശി  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പെന്‍ഷന്‍ ഭവനില്‍ ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന ഭൂ അവകാശ പ്രഖ്യാപന കണ്‍വന്‍ഷനില്‍ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന ഭൂസമര പദ്ധതിക്ക് അന്തിമ രൂപം നല്‍കും. വൈകീട്ട് അഞ്ചിന് നഗരസഭാ പുതി ബസ് സ്റ്റാന്‍ഡിന് സമീപം സംഘടിപ്പിച്ചിരിക്കുന്ന പൊതു സമ്മേളനത്തില്‍ സമര പ്രഖ്യാപനം നടക്കും.
ചെങ്ങറ അരിപ്പ ഭൂസമര പ്രസ്ഥാനങ്ങള്‍, ആദിവാസി ഗോത്രമഹാസഭ, ഭൂ അധികാര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളെ ഏകോപിപ്പിച്ചാണ് സമരം നടത്തുക. ബ്രിട്ടീഷ് രാജ്ഞിയുടെ പക്കല്‍ നിന്നും ഭൂമി മോചിപ്പിക്കാനും വ്യാജ രേഖകളുടെ ബലത്തില്‍ ഭൂമി കൈവശം വച്ചിട്ടുള്ള വന്‍കിട കമ്പനികളുടെ പക്കല്‍ നിന്നും ഭൂമി ഏറ്റെടുക്കാനും നിയമനിര്‍മ്മാണത്തിന് സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് സമരത്തിന്റെ ലക്ഷ്യം. ഭൂമിയില്‍ പ്രവേശിക്കുന്നതുള്‍പ്പെടെയുള്ളവ ചര്‍ച്ചാവിഷയമാവും.
ഇതിനുമുന്നോടിയായി ഭൂരഹിതരില്‍ നിന്നും അപേക്ഷകള്‍ സവീകരിച്ച് ഭൂരഹിതരുടെ സര്‍വേ നടത്താനും പദ്ധതി തയ്യാറാക്കും. വ്യാജ രേഖകളും കള്ളപ്രമാണങ്ങളും ഉപയോഗിച്ചാണ് ഹാരിസണ്‍ അടക്കമുള്ള കമ്പനികള്‍ ഭൂമി കൈവശം വച്ച് അനുഭവിച്ചുവന്നതെന്ന സത്യം അടുത്തകാലത്താണ് വ്യക്തമായതെന്ന് നേതാക്കള്‍ പറഞ്ഞു.
രാജമാണിക്യം റിപോര്‍ട്ട് അനുസരിച്ച് അഞ്ചുലക്ഷത്തിലധികം ഏക്കര്‍ ഭൂമിയാണ് വിവിധ കമ്പനികളുടെ പക്കല്‍ ഇപ്പോഴുള്ളത്. ഹാരിസണ്‍, ടാറ്റാ, എവിടി, ടിആര്‍ആന്റ് ടി തുടങ്ങിയ എസ്‌റ്റേറ്റുകള്‍ക്കെതിരെ 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുകയാണ്. ഇതില്‍ ഇന്ത്യയുടെ പരമാധികാരത്തെ തന്നെ ചോദ്യം ചെയ്യുന്ന സംഭവം ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ ഭൂമി ഇടപാടുകളും ബ്രിട്ടീഷ് രാജ്ഞിക്ക് ഭൂമിക്കുമേലുള്ള ഉടമസ്ഥാവകാശവുമാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ ഉടമസ്ഥതയിലാണ് ഭൂമി എന്ന് പ്രഖ്യാപനം വന്നതോടെ ഹാരിസണ്‍ കമ്പനി കേരളത്തില്‍ നടത്തിവരുന്ന കേസുകള്‍ എല്ലാം അപ്രസക്തമാണ്.  സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതിന്റെ പേരില്‍ മന്ത്രിമാരുടെ രാജിക്കുവരെ കാരണമായ കേരളത്തിലാണ് ഇപ്പോള്‍ രാജ്യത്തില്‍ പരമാധികാരത്തേപ്പോലും ചോദ്യം ചെയ്തുകൊണ്ട് ഹാരിസണ്‍ ഭൂമി കൈവശം വച്ചിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പോലും നിശബ്ദത പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it