palakkad local

സംസ്ഥാന പാതയ്ക്കു നീളം കുറഞ്ഞു; പാലക്കാട്ട് നാല് ബാറുകള്‍ തുറക്കുന്നു



പാലക്കാട്: സംസ്ഥാന പാതകള്‍ രേഖകളില്‍ വെട്ടിമുറിച്ചു പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയതോടെ ജില്ലയില്‍ ഒരു ബീയര്‍ പാര്‍ലര്‍ തുറന്നു. മറ്റു മൂന്നെണ്ണവും ഏതാനും ബവ്‌റിജസ് വില്‍പനശാലകളും തുറക്കാന്‍ വഴിയൊരുങ്ങുകയും ചെയ്തു. കോടതി ഉത്തരവു നേടിയ മറ്റൊരു ബീയര്‍ പാര്‍ലറും ഉടന്‍ തുറക്കും.പാലക്കാട്-പൊള്ളാച്ചി സംസ്ഥാന പാത തുടങ്ങുന്നതു നഗരത്തിലെ എസ്ബിഐ ജംക്ഷനില്‍ നിന്നാണെന്ന മുന്‍നിലപാട് യാക്കര മുക്കില്‍ നിന്നാണെന്നു പൊതുമരാമത്തു വകുപ്പു തിരുത്തി.ഇതോടൊപ്പം, പഴയ ദേശീയപാതയുടെ ഭാഗമായ കല്‍മണ്ഡപം,കുന്നത്തൂര്‍മേട്,ഐഎംഎ ജംക്ഷന്‍, യാക്കര,കണ്ണാടി,പാത്തിക്കല്‍,കണ്ണനൂര്‍ ജങ്ഷന്‍ വരെയുള്ള ഭാഗം മേജര്‍ ജില്ലാ റോഡാക്കി വിജ്ഞാപനം ചെയ്തതായി നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നഗരത്തിലെ ഒരു പാര്‍ലര്‍ ഉടമയ്ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.ഇതോടെ, കോട്ടമൈതാനം, എസ്ബിഐ ജംങ്ഷന്‍, ഡിപിഒ റോഡ് എന്നിവിടങ്ങളിലെ ബീയര്‍ പാര്‍ലറുകളും ക്ലബുമാണു തുറക്കുന്നത്. പാര്‍ലര്‍ ഉടമകള്‍ പുതിയ സര്‍ട്ടിഫിക്കറ്റുമായി എക്‌സൈസ് വകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും പൊതുമരാമത്തു വകുപ്പില്‍ നിന്ന് എക്‌സൈസ് നേരിട്ടു രേഖ ആവശ്യപ്പെട്ടിരിക്കുകയാണ്.ഐഎംഎ ജംങ്്്ഷനിലെ പൂട്ടിയ രണ്ടു ബിവ്‌റിജസ് മദ്യവില്‍പനശാലകള്‍ തുറക്കാനും തടസ്സമില്ലെങ്കിലും മദ്യക്കടകള്‍ക്കു ലൈസന്‍സ് നല്‍കില്ലെന്ന പാലക്കാട് നഗരസഭയുടെ തീരുമാനം ഇവയെ എങ്ങനെ ബാധിക്കുമെന്നതു വരും ദിവസങ്ങളില്‍ അറിയാം. നഗരത്തില്‍ കൊപ്പത്തും ടിബി റോഡിലുമുള്ള മദ്യക്കടകള്‍ നഗരസഭ ഇടപെട്ടു പൂട്ടിയെങ്കിലും ഹൈക്കോടതി ഉത്തരവിട്ടതിനാല്‍ തുറന്നിരുന്നു.ജില്ലാ ആശുപത്രിക്കു സമീപമുള്ള ബീയര്‍ പാര്‍ലര്‍ കോടതി ഉത്തരവിന്റെ പിന്‍ബലത്തിലാണു തുറക്കാനൊരുങ്ങുന്നത്. ഇതിന്റെ പിന്‍വാതില്‍ ഒഴിവാക്കിയതോടെ ദൂരപരിധിപ്രശ്‌നം മറികടന്നു. ഷൊര്‍ണൂര്‍-തൃശൂര്‍ റോഡ് തുടങ്ങുന്നതു ചെറുതുരുത്തി പാലത്തിനു സമീപത്തു നിന്നാണെന്നും ഷൊര്‍ണൂര്‍ -പെരിന്തല്‍മണ്ണ റോഡ് റെയില്‍വേ സ്‌റ്റേഷന്‍ മുതലാണെന്നും പൊതുമരാമത്തു വിഭാഗം വ്യക്തമാക്കിയതോടെ ഷൊര്‍ണൂരിലെ ബീയര്‍ പാര്‍ലര്‍ പ്രവര്‍ത്തനം തുടങ്ങി.വടക്കഞ്ചേരി-പൊള്ളാച്ചി പാതയുടെ ഭാഗമായ മംഗലം-ഗോവിന്ദാപുരം പാത ജില്ലാ മേജര്‍ റോഡാണെന്ന വിശദീകരണം മരാമത്തു വകുപ്പു നല്‍കിയതിന്റെ പിന്‍ബലത്തില്‍ നെന്മാറ, കൊല്ലങ്കോട് എന്നിവിടങ്ങളിലെ ബീയര്‍ പാര്‍ലറുകളും തുറക്കുമെന്നു സൂചനയുണ്ട്. നിലവില്‍ ദേശീയപാതയായി ഉയര്‍ത്താന്‍ കേന്ദ്രം തത്വത്തില്‍ അംഗീകരിച്ച നാലു സംസ്ഥാന പാതകളിലൊന്നാണിത്.
Next Story

RELATED STORIES

Share it