malappuram local

സംസ്ഥാന പാതയോര നവീകരണം: അലംഭാവം തുടരുന്നു

കരുവാരക്കുണ്ട്: സംസ്ഥാനപാതയോര നവീകരണത്തിന് വകുപ്പും ജനപ്രതിനിധിയും അലംഭാവം കാണിക്കുന്നു. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയില്‍ പുന്നക്കാട് ചുങ്കം മുതല്‍ ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് വരെയുള്ള ഭാഗമെങ്കിലും അരിക് കോണ്‍ക്രീറ്റും ഡ്രൈനേജ് നിര്‍മാണവുമാണ് ഏറെ നാളത്തെ മുറവിളിക്ക് ശേഷവും നടക്കാതെ പോവുന്നത്.
പ്രവൃത്തി ഇനിയും ആരംഭിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. സംസ്ഥാനപാതയുടെ ഇരുവശങ്ങളിലും അരികുകള്‍ താഴ്ന്നും റോഡ് പൊങ്ങിയുമാണുള്ളത്. കൂടാതെ ചില ഭാഗങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുമുണ്ട്. ഇതുകാരണം ഇരുചക്രവാഹനങ്ങളും വലിയ വാഹനങ്ങളും അപകടത്തില്‍പ്പെടുന്നതും പതിവാണ്. ചിറക്കലില്‍ വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരണപ്പെട്ടിരുന്നു.
ചിറക്കലില്‍ തന്നെ കാര്‍ മുന്നൂറടി താഴ്ചയിലേക്ക് മറിയുകയും ചെയ്തിരുന്നു. ചുങ്കത്ത് ബൈക്ക് ബസ്സിലിടിച്ച് യുവാവ് മരണപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലിസ് ജീപ്പും ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. മഴ പെയ്താല്‍ ബൈക്കുകള്‍ തെന്നി വീഴുന്നത് നിത്യസംഭവമാണ്. നാട്ടുകാരുടെയും ഗ്രാമപ്പഞ്ചായത്ത് മെംബറുടെയും ആവശ്യപ്രകാരം രണ്ട് വര്‍ഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് വണ്ടൂര്‍ ഡിവിഷന്‍ ഓഫിസില്‍നിന്ന് ജീവനക്കാരെത്തി എസ്സിമേറ്റെടുത്ത് സര്‍ക്കാരിലേക്ക് അയച്ചിരുന്നു.
തുടര്‍ നടപടികള്‍ വൈകിയപ്പോള്‍ എ പി അനില്‍കുമാര്‍ എംഎല്‍എക്ക് നിവേദനം നല്‍കുകയും അദ്ദേഹം ഇടപെട്ട് പരിഹരിക്കാമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്നും നടപടികള്‍ വൈകിയപ്പോള്‍ വകുപ്പ് മന്ത്രി ജി സുധാകരനെ രണ്ട് തവണ നേരില്‍ കണ്ട് ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പ്രവൃത്തി ആരംഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതലാളുകള്‍ കാല്‍നടയായും വാഹന ഗതാഗതത്തിനായും ഉപയോഗിക്കുന്ന സംസ്ഥാനപാതയിലെ ഭാഗമാണിത്. ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ്, കേരളംകുണ്ട് വെള്ളച്ചാട്ടം, ഭിന്നശേഷി സ്‌കൂള്‍ ഉള്‍പ്പെടെയുള്ള പത്തിലധികം വിദ്യാലയങ്ങള്‍, അനാഥ സംരക്ഷണാലയങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്ക് ആളുകള്‍ക്ക് എത്തേണ്ടത് ഈ ഭാഗം കടന്നാണ്. പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണാന്‍ മന്ത്രിയും എംഎല്‍എയും ഇടപെടണമെന്ന് ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഷൗക്കത്തലി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it