സംസ്ഥാന ടൂറിസം ലക്ഷ്യമിടുന്നത് 40,000 കോടിയുടെ വിറ്റുവരവ്‌

കൊച്ചി: പ്രളയാനന്തര കേരളത്തിലെ ടൂറിസം മേഖലയില്‍ ഈ സാമ്പത്തികവര്‍ഷം ലക്ഷ്യമിടുന്നത് 40,000 കോടിയുടെ വിറ്റുവരവാണെന്ന്് കേന്ദ്ര ടൂറിസം ഉപദേശക സമിതി അംഗം എബ്രഹാം ജോര്‍ജ് അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ 34,000 കോടിയായിരുന്നു വിനോദസഞ്ചാര മേഖലയിലെ വിറ്റുവരവ്. പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയില്‍ 2000 കോടിയുടെ നഷ്ടമുണ്ടായി. ഇതില്‍ 500 കോടിയും അടിസ്ഥാന സൗകര്യ മേഖലയില്‍ നിന്നുണ്ടായതാണ്. ടൂര്‍ റദ്ദാക്കലുള്‍പ്പെടെ 1500 കോടിയാണ് നഷ്ടപ്പെട്ടത്. എന്നാല്‍ പ്രളയം തകര്‍ത്ത ടൂറിസം കേന്ദ്രങ്ങളില്‍ കെടിഎമ്മിന്റെയും ടൂറിസം മേഖലയിലെ മറ്റ് സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരിച്ചു.
മൂന്നാര്‍, തേക്കടി, വര്‍ക്കല, ആലപ്പുഴ, കോവളം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും 90 ശതമാനം റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയതായും എബ്രഹാം ജോര്‍ജ് പറഞ്ഞു. പ്രളയവും പകര്‍ച്ചപ്പനിയും പ്രതിരോധിച്ച കേരളത്തിലേക്കു വിദേശത്ത് നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കിന് കോട്ടം തട്ടിയിട്ടില്ലെന്നതിന്റെ തെളിവാണ് ആസ്‌ത്രേലിയയില്‍ നിന്ന് ചാര്‍ട്ടഡ് വിമാനത്തില്‍ 80 പേരെത്തിയത്. എന്നാല്‍ തെറ്റായ പ്രചാരണത്തെത്തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇത് മാറ്റാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും.

Next Story

RELATED STORIES

Share it