kasaragod local

സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികം : ജില്ലയില്‍ വിവിധ പരിപാടികള്‍



കാസര്‍കോട്്: സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷം വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാകലക്ടറുടെ ചുമതലയുള്ള എഡിഎം കെ അംബുജാക്ഷന്റ അധ്യക്ഷതയില്‍ ജില്ലാകലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ വി സുഗതന്‍ പരിപാടികള്‍ വിശദീകരിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല യോഗം പെരിയയില്‍ 30ന് നടക്കും. ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഐഎവൈ ഗുണഭോക്താക്കള്‍ക്കുള്ള ചെക്ക് വിതരണം, പുതിയ വീടുകള്‍ക്കുള്ള താക്കോല്‍ദാനം, ഭവനനിര്‍മാണ ബോര്‍ഡിന്റെ ഗൃഹശ്രീ പരിപാടിയുടെ ഭാഗമായുള്ള ഗഡുക്കളുടെ വിതരണം, പട്ടികവര്‍ഗ വകുപ്പ് പ്രഫഷണല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ് ടോപ്പ് വിതരണം എന്നിവ സംഘടിപ്പിക്കും. സംസ്ഥാനസര്‍ക്കാറിന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങളുടെ ഫോട്ടോ പ്രദര്‍ശനം, വികസന പദ്ധതികളുടെ ദൃശ്യാവിഷ്‌കരണം എന്നിവയും ഇക്കാലയളവില്‍ നടക്കും. ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണം ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കും. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതോടൊപ്പം വാതില്‍പ്പടി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സംഘടിപ്പിക്കും. സര്‍ക്കാര്‍ നേരിട്ട് റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന പരിപാടിയാണിത്. ഇതിനായി സപ്ലൈകോ ഗോഡൗണുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ജൂണ്‍ അഞ്ചിന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച്  സാമൂഹികവനവല്‍ക്കരണ വിഭാഗവുമായി ചേര്‍ന്ന് വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും. ആരോഗ്യ വകുപ്പ്  പുകയില വിരുദ്ധ ദിനം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കും. സംസ്ഥാന ഹൗസിങ് ബോര്‍ഡ് നിര്‍മിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റെ ശിലാസ്ഥാപനം കാഞ്ഞങ്ങാട് നടക്കും. ഇതിനായി അഞ്ച് കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കെട്ടിട അനുമതിയും മറ്റും ഓണ്‍ലൈനാക്കുന്ന സാംഖ്യ സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനം പഞ്ചായത്തുകളില്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തും. സാമൂഹികനീതി വകുപ്പ് അങ്കണവാടികള്‍ക്ക് സൗജന്യമായി ഭൂമി വിട്ടുനല്‍കുന്ന സ്വകാര്യ വ്യക്തികളില്‍ നിന്ന്  അതിനുള്ള അനുമതി പത്രം സ്വീകരിക്കും. വാണിജ്യ നികുതി വകുപ്പ് ജിഎസ്ടി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. മൃഗസംരക്ഷണ വകുപ്പ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള ലാപ് ടോപ്പ് വിതരണം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തും. ബേഡഡുക്ക ഗോട്ട് ഫാമില്‍ ആയിരം പ്ലാവ് തൈകള്‍ വച്ചുപിടിപ്പിച്ച് വനവല്‍ക്കരണം നടത്തും. ജൂണ്‍ അഞ്ചിന് രാവിലെ 10ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഫിഷ് ഫാര്‍മേഴ്‌സ് ക്ലബ്ബ് ചെറുവത്തൂരില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചിനകം പ്രവര്‍ത്തനം തുടങ്ങും. ജൂണ്‍ നാലിന് കാസര്‍കോട് ലഹരിബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ ഉണ്ടാകും.
Next Story

RELATED STORIES

Share it