സംസ്ഥാനസര്‍ക്കാരിനെതിരേ സമസ്ത സുപ്രിംകോടതിയില്‍

സംസ്ഥാനസര്‍ക്കാരിനെതിരേ സമസ്ത സുപ്രിംകോടതിയില്‍
X


ന്യൂഡല്‍ഹി: 2015ലെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിന്റെ മറവില്‍ യതീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രിംകോടതിയെ സമീപിച്ചു. ഡിസംബര്‍ 31നു മുമ്പായി ശിശുസംരക്ഷണ കേന്ദ്രങ്ങളെല്ലാം രജിസ്റ്റര്‍ ചെയ്യണമെന്ന സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് കേരളത്തിലെ യതീംഖാനകളും ജുവനൈല്‍ ജസ്റ്റിസ് ആക്റ്റിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. സംസ്ഥാന സാമൂഹികനീതി വകുപ്പ് കഴിഞ്ഞമാസം 15നാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാരിന്റെ നീക്കം നിലവിലുള്ള സുപ്രിംകോടതി വിധി മറികടന്നാണെന്നും യതീംഖാനകളുടെ ന്യൂനപക്ഷ സ്വഭാവവും മതസ്ഥാപനം എന്ന വിശേഷണവും നഷ്ടപ്പെടുമെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. മതവിദ്യാഭ്യാസം നല്‍കുന്നതിനായി മുസ്‌ലിം സമുദായത്തിലെ വിവിധ സംഘടനകളും സ്വതന്ത്ര കമ്മിറ്റികളും നടത്തുന്ന യതീംഖാനകള്‍ കേവലം ശിശുസംരക്ഷണകേന്ദ്രങ്ങളായി പരിഗണിക്കുന്ന നിലപാടാണ്  സര്‍ക്കാരിന്റേതെന്നും ഇത്് അംഗീകരിക്കാനാവില്ലെന്നും അഭിഭാഷകനായ സുല്‍ഫിക്കറലി മുഖേന നല്‍കിയ ഹരജിയില്‍ പറയുന്നു. കേസ് ജനുവരിയില്‍ പരിഗണിക്കും. യതീംഖാനകള്‍ ശിശുസംരക്ഷണകേന്ദ്രങ്ങളായി രജിസ്റ്റര്‍ചെയ്യപ്പെട്ടാല്‍ കുട്ടിക്കുറ്റവാളികള്‍ ഉള്‍പ്പെടെയുള്ളവരോടൊപ്പം യതീംഖാനാ അന്തേവാസികളും കഴിയേണ്ടിവരും. യതീംഖാനാ വിദ്യാര്‍ഥികള്‍ മാതാവോ പിതാവോ നഷ്ടമായി അനാഥരായവരാണെന്ന് 2007ലെ ജോസ്മാവേലി, കേരള സര്‍ക്കാര്‍ കേസിലെ ഹൈക്കോടതി ഉത്തരവ് പരാമര്‍ശിച്ച് ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്.  ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതോടെ യതീംഖാനകളുടെ മതസ്ഥാപനം എന്ന വിശേഷണവും ന്യൂനപക്ഷസ്വഭാവവും നഷ്ടമാവുന്ന സാഹചര്യം മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ 25ാംവകുപ്പിന് എതിരാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ മുക്കം, വെട്ടത്തൂര്‍ യതീംഖാനകള്‍ സമര്‍പ്പിച്ച ഹരജി നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it