malappuram local

സംസ്ഥാനത്ത് ശുദ്ധജല മല്‍സ്യ സമ്പത്ത് കുറയുന്നു



കൃഷ്ണന്‍ എരഞ്ഞിക്കല്‍

അരീക്കോട്: കേരളത്തിലെ ശുദ്ധജല മല്‍സ്യ സമ്പത്ത് കുറഞ്ഞുവരുന്നതായി പഠനങ്ങള്‍. 2011ല്‍ ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഒഫ് നേച്ചര്‍ പുറത്തുവിട്ട രേഖയില്‍ പശ്ചിമഘട്ടത്തില്‍ 97 ഇനം ശുദ്ധജല മല്‍സ്യങ്ങള്‍ വംശനാശ ഭീഷണിയിലാണെന്നും ഇതില്‍ മുപ്പത്തി എട്ട് ഇനം കേരളത്തിലേതാണെന്നും സൂചിപ്പിച്ചിരുന്നു. ഫാക്ടറികള്‍ പുറത്തുവിടുന്ന വിഷമാലിന്യങ്ങളും ഓടകളില്‍ നിന്ന് പുഴയിലേക്ക് ഒഴുക്കിവിടുന്ന മാലിന്യവും നാശത്തിന് കാരണമാണ്. പ്ലാസ്റ്റിക് മാലിന്യം പുഴയുടെ അടിതട്ടിലെ ആവാസവ്യവസ്ഥ തകര്‍ക്കുകയും മല്‍സ്യങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. ആവാസ വ്യവസ്ഥയുടെ അഭാവവും അമിതമായ മല്‍സ്യ ചൂഷണവുമാണ് ശുദ്ധജല മല്‍സ്യ സമ്പത്ത് കുറയാന്‍ കാരണമായിട്ടുള്ളത്. പുഴകളിലെ മണലൂറ്റല്‍ മല്‍സ്യങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കുകയും പുഴ ആഴം കൂടുന്നതിനനുസരിച്ച് കടല്‍ ജലം പുഴയിലെത്തി ശുദ്ധജല മല്‍സ്യങ്ങള്‍ക്ക് ഭീഷണിയായി മാറുകയും ചെയ്യുന്നു. ജൂണില്‍ മഴ ആരംഭിക്കുന്നതോടെ മല്‍സ്യങ്ങളുടെ പ്രജനനസമയമാണ്. മഴക്കാലത്ത് പ്രജനനത്തിനായ് ഇടം തേടി തോടുകളിലും വയലുകളിലേക്കും ഇവ കയറാറുണ്ട്. ഈ സമയത്ത് മല്‍സ്യത്തെ പിടിക്കുന്നതോടെ വംശവര്‍ധന ഇല്ലാതാവുകയാണ്. തോട്ടപൊട്ടിച്ചും വൈദ്യുതി ഷോക്കടിപ്പിച്ചും ചെറുകണ്ണികളുള്ള വലകള്‍ ഉപയോഗിച്ചുമുള്ള മീന്‍പ്പിടിത്തം മൂലം കുഞ്ഞു മല്‍സ്യങ്ങള്‍ മുഴുവനും നശിപ്പിക്കുന്നത് മല്‍സ്യ സമ്പത്ത് കുറയാന്‍ കാരണമാവുന്നു. ഇത്തരത്തില്‍ മീന്‍ പിടിക്കുന്നത് കുറ്റകരമാക്കാത്തതും നിലവിലുള്ള ശിക്ഷയിലെ ഇളവുമാണ് തുടര്‍ പ്രേരണയ്ക്ക് കാരണമാവുന്നത്. തോട്ടപൊട്ടിക്കുന്നത് എക്‌സ്‌പ്ലൊസിവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റകരമാക്കി നടപടി സ്വീകരിക്കുമ്പോഴാണ് നിയന്ത്രണമുണ്ടാവുക. കടലില്‍ മല്‍സ്യസമ്പത്തിന്റെ സംരക്ഷണത്തിന് ട്രോളിങ് നിരോധനം നടപ്പാക്കിയതുപോലെ ശുദ്ധജലമല്‍സ്യങ്ങളുടെ വംശനാശ ഭീഷണി തടയാന്‍ ജൂണ്‍ മാസത്തില്‍ കായല്‍, പുഴ, തോടുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ ട്രോളിങ് നിരോധനം നടപ്പാക്കുകയും ചെറു കണ്ണികളുള്ള വലകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യണം. ഇതോടൊപ്പം തോട്ടപ്പൊട്ടിച്ചും ഷോക്കടിപ്പിച്ചും വിഷം കലക്കിയും മീന്‍പിടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാക്കണമെന്നും പ്രകൃതിസംരക്ഷണ വേദി ഭാരവാഹികളായ കെ എം സലിം പത്തനാപുരം, കെ സി റഹിം പള്ളിപ്പടി, കെ സമദ് കുനിയില്‍, കൃഷ്ണദാസ് മഞ്ചേരി, വര്‍ഗീസ് ജോര്‍ജ് നിലമ്പൂര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. വിഷയം സര്‍ക്കാറിന്റെ അടിയന്തര ശ്രദ്ധ പതിയുന്നതിലേക്കായി ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുമെന്നും കണ്‍വീനര്‍ കെ എം സലിം അറിയിച്ചു
Next Story

RELATED STORIES

Share it