Kottayam Local

സംസ്ഥാനത്ത് റബറൈസ്ഡ് ടാറിങ് വ്യാപകമാക്കും : മന്ത്രി



കോട്ടയം: സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ഉയര്‍ത്താന്‍ റബറൈസ്ഡ് ടാറിങ് കൂടുതല്‍ വ്യാപകമാക്കുമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അയ്മനം പഞ്ചായത്തിന്റെ നവീകരിച്ച ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനവും ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.റബറിനൊപ്പം പ്ലാസ്റ്റികും ടാറിങിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ഈ ആവശ്യത്തിന് വന്‍തോതില്‍ ഉപയോഗിക്കുന്നതോടെ പ്ലാസ്റ്റിക് മാലിന്യമെന്ന വലിയ പ്രശ്‌നവും ഒരളവുവരെ പരിഹരിക്കാന്‍ കഴിയും. അതുപോലെ തന്നെ റോഡുകളുടെ സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പ്രതിസന്ധിയിലായ റബര്‍ കര്‍ഷകര്‍ക്കും പാരമ്പര്യ വ്യവസായ കയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതുവഴി വളരെയേറെ ആശ്വാസം ലഭിക്കുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും വേഗത വര്‍ധിപ്പിക്കാന്‍ ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി എടുത്തു കഴിഞ്ഞു. രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഓണ്‍ലൈന്‍ സ്റ്റാമ്പിങ് സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരുതരത്തിലുള്ള വിവേചനവും അനുവദിക്കില്ല. അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. അതുകൊണ്ടാണ് സര്‍ക്കാരിനെതിരേ ഉയര്‍ത്തിക്കൊണ്ടു വന്ന വിവാദങ്ങള്‍ ജനശ്രദ്ധ നേടാതെ പോയതെന്നും മന്ത്രി പറഞ്ഞു. മാതൃഭാഷയുടെ കാര്യത്തിലും കൃഷിയുടെ പുനരുദ്ധാരത്തിന്റെ കാര്യത്തിലും ശ്രദ്ധേയമായ കുറേ നടപടികള്‍ എടുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മലിനീകരണം തടയാന്‍ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച പ്ലാസ്റ്റിക് ശേഖരണ പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. കെ സുരേഷ്‌കുറുപ്പ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സിഡിഎസ് വാര്‍ഷികത്തിന്റെ ഉദ്ഘാടനം മുന്‍ എംഎല്‍എ വൈക്കം വിശ്വന്‍ നിര്‍വഹിച്ചു. മുന്‍ എംഎല്‍എ വി എന്‍ വാസവന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി മൈക്കിള്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ കെ ആലിച്ചന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ച ഫ്രണ്ട് ഓഫിസ് സംവിധാനം, ഹെല്‍പ്പ് ഡസ്‌ക്ക്, പൊതുജനങ്ങള്‍ക്കു വേണ്ടി ശീതികരിച്ച വിശ്രമമുറി, ലഘു ഭക്ഷണശാല, ടോക്കണ്‍ സംവിധാനം തുടങ്ങിയ ആധുനിക സംവിധാനങ്ങളോടെയാണ് പഞ്ചായത്ത് ഓഫിസ് നവീകരിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it