സംസ്ഥാനത്ത് ഫഌക്‌സ് നിരോധനം നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഫഌക്‌സ് നിരോധനം നടപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഇന്നലെ തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചു. ഇതിന്റെ പ്രായോഗികത സംബന്ധിച്ച് പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു.
തദ്ദേശസ്വയംഭരണ അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും നിയമവകുപ്പ് സെക്രട്ടറി, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ശുചിത്വമിഷന്‍ എന്നിവര്‍ അംഗങ്ങളുമാണ്. സംസ്ഥാനത്ത് പിവിസി ഉപയോഗിച്ചുള്ള ഫഌക്‌സ് ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും ഉപയോഗവും അനിയന്ത്രിതമായി തുടരുകയും അത് വന്‍ തോതില്‍ പരിസ്ഥിതി മലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ഫഌക്‌സ് ഉപയോഗത്തിന്റെ ദോഷവശങ്ങളും ഈ മേഖലയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള തൊഴില്‍ പ്രശ്‌നങ്ങളും യോഗം ചര്‍ച്ച ചെയ്ത് വിലയിരുത്തി.  പരസ്യ പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഫഌക്‌സ് പുനരുപയോഗിക്കാന്‍ പറ്റാത്ത ഒരിനം പ്ലാസ്റ്റിക് ആണ്. ഉപയോഗശേഷം ഇത് കത്തിച്ചുകളയാനോ ഉപേക്ഷിക്കാനോ മാത്രമേ കഴിയൂ. ഫഌക്‌സ് നിര്‍മിക്കാനുപയോഗിക്കുന്ന പോളിവിനൈല്‍ ക്ലോറൈഡ്(പിവിസി) വളരെ അപകടകാരിയായ ഒരു രാസ പദാര്‍ഥമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം, റീസൈക്കിള്‍ ചെയ്യാവുന്നതും പിവിസി മുക്തവുമായ പോളി എത്തിലിന്‍ നിര്‍മിത വസ്തുക്കളോ അതുപോലെയുള്ള മറ്റ് വസ്തുക്കളോ ഇതിന് പകരമായി ഉപയോഗിക്കാം.
തിരഞ്ഞെടുപ്പ് അടക്കമുള്ള യാതൊരുവിധ പരസ്യ പ്രചാരണള്‍ങ്ങള്‍ക്കും പിവിസി ഫഌക്‌സ് ഉപയോഗിക്കുവാനോ പ്രിന്റ് ചെയ്യുവാനോ പാടില്ല.  ഇത്തരം മെറ്റീരിയലില്‍ പ്രിന്റ് ചെയ്യുമ്പോള്‍ റീസൈക്ലബിള്‍ പിവിസി ഫ്രീ എന്ന ലോഗോയും, ഉപയോഗം അവസാനിക്കുന്ന തിയ്യതിയും പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. പരമാവധി 90 ദിവസമേ അനുവദിക്കൂ. ബോര്‍ഡുകളും ബാനറുകളും ഉപയോഗം അവസാനിക്കുന്ന തിയ്യതിക്കു ശേഷം പരമാവധി 3 ദിവസത്തിനുള്ളില്‍ സ്ഥാപിച്ചവര്‍ തന്നെ പ്രിന്റ് ചെയ്ത സ്ഥാപനത്തിലേക്ക് തിരിച്ചേല്‍പ്പിക്കേണ്ടതാണ്. ഈ അറിയിപ്പിന് ശേഷം ഫഌക്‌സ് സ്ഥാപിച്ചാല്‍ അവരില്‍  നിന്നും സ്‌ക്വയര്‍ ഫീറ്റിന് 20 രൂപ നിരക്കില്‍ ഫൈന്‍ ഈടാക്കാവുന്നതാണ്.
Next Story

RELATED STORIES

Share it