Flash News

സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധന

എന്‍ എ  ശിഹാബ്
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം വര്‍ധിച്ചതായി ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ കണക്ക്. ഈ വര്‍ഷം ഇതുവരെ 272 കുട്ടികള്‍ ബലാല്‍സംഗത്തിനിരയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം 1,101 കുട്ടികളാണ് മാനഭംഗത്തിനിരയായത്. കഴിഞ്ഞ വര്‍ഷം 179 തട്ടിക്കൊണ്ടുപോവല്‍ കേസുകളും 26 കൊലപാതകങ്ങളും റിപോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം ഇതുവരെ 41 തട്ടിക്കൊണ്ടുപോവലും രണ്ടു കൊലപാതകങ്ങളുമുണ്ടായി. കഴിഞ്ഞ വര്‍ഷം 3,478 അതിക്രമങ്ങളാണ് കുട്ടികള്‍ക്കു നേരെ ഉണ്ടായത്. ഈ വര്‍ഷം ഇതുവരെ 921 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതില്‍ 595 കേസുകള്‍ കുട്ടികള്‍ക്കെതിരേയുള്ള അതിക്രമ കേസുകളാണ്.
സംസ്ഥാനത്ത് കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം വര്‍ധിച്ചുവരുന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികള്‍ക്കു നേരെ 2016ല്‍ 2,881 അതിക്രമങ്ങളുണ്ടായി. 2012ല്‍ 1,324ഉം 2013ല്‍ 1,877ഉം, 2014ല്‍ 2,391ഉം 2015ല്‍ 2384ഉം ആയി ഉയരുന്നതായാണു കണക്കുകള്‍. കേരളത്തില്‍ കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം വര്‍ധിക്കുന്നതായി ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോയും മുന്നറിയിപ്പു നല്‍കുന്നു.
ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ രണ്ടാഴ്ച മുമ്പ് പ്രസിദ്ധീകരിച്ച 2016ലെ കണക്കനുസരിച്ച് കേരളത്തില്‍ നടന്ന ബലാല്‍സംഗക്കേസുകളില്‍ 52.89 ശതമാനത്തിലും കുട്ടികളാണ് ഇരകള്‍. കുട്ടികള്‍ക്കു നേരെ 876 കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 16നും 18നും ഇടയിലുള്ള കുട്ടികളാണ് കൂടുതല്‍ പീഡനത്തിനിരയായത്- 412 പേര്‍. സംസ്ഥാനത്തെ മൊത്തം പീഡനക്കേസുകളില്‍ 25 ശതമാനമാണിത്. 12-16നും ഇടയില്‍ 276ഉം 6-12നും ഇടയില്‍ 146ഉം 0-6നും ഇടയില്‍ 42ഉം കുട്ടികള്‍ പീഡനത്തിനിരയായി. സ്ത്രീകള്‍ക്കു നേരെ 785 പീഡനക്കേസുകള്‍ റിപോര്‍ട്ട് ചെയ്തു. 18-30നും ഇടയിലുള്ളവരാണ് ഏറ്റവും കൂടുതല്‍ ഇരകളായത്- 525 പേര്‍. 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികള്‍ക്ക് ആജീവനാന്തം ജയില്‍ശിക്ഷയും വധശിക്ഷയും നല്‍കുന്ന ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ പാസാക്കിയ ദിവസം തന്നെയാണ് 2016 ലെ കണക്കും ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോ പുറത്തുവിട്ടത്. കേരള പോലിസിന്റെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ 600 ശതമാനം വര്‍ധിച്ചു. ബാലപീഡന കേസുകളില്‍ 500 ശതമാനം വര്‍ധനയുണ്ടായി. 2008ല്‍ ബാലപീഡനം 215 ആയിരുന്നത് 2017ല്‍ 1101 ആയി വര്‍ധിച്ചു.
അതേസമയം, കഴിഞ്ഞ ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ സംസ്ഥാനത്ത് കുട്ടികള്‍ക്കു നേരെ 778 അതിക്രമങ്ങള്‍ നടന്നതായി കുടുംബശ്രീ തയ്യാറാക്കിയ റിപോര്‍ട്ട് പറയുന്നു. ഇതില്‍ 505 കേസ് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടതാണ്. കുടുംബശ്രീയുടെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്കില്‍ ഫോണിലൂടെയും നേരിട്ടും റിപോര്‍ട്ട് ചെയ്ത അതിക്രമങ്ങളുടെ കണക്കാണിത്. കൂടുതല്‍ അതിക്രമം നടന്നത് തിരുവനന്തപുരം ജില്ലയിലാണ്- 222. കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഓരോ കേസ് മാത്രം. മലപ്പുറത്ത് 190, എറണാകുളത്ത് 156 എന്നിങ്ങനെ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 2013 ആഗസ്തിലാണ് സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചത്.
Next Story

RELATED STORIES

Share it