palakkad local

സംസ്ഥാനത്തേക്ക് വന്‍തോതില്‍ സ്പിരിറ്റൊഴുകുന്നു

വാളയാര്‍: ക്രിസ്തുമസ്, പുതുവല്‍സരാഘോഷങ്ങളടുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്ക് ജില്ലയുടെ അതിര്‍ത്തിവഴി വന്‍തോതില്‍ സ്പിരിറ്റൊഴുകുന്നു. ജില്ലയില്‍ തന്നെ ഒമ്പതോളം അതിര്‍ത്തി ചെക്‌പോസ്റ്റുകളുണ്ടെങ്കിലും ഇവക്കു സമാന്തരമായി നാല്‍പതിലധികം ഊടുവഴികളുമുണ്ട്. മീന്‍, പാല്‍ എന്നിവ കയറ്റിവരുന്ന കണ്ടെയിനറുകളും പച്ചക്കറി, മുട്ട എന്നിവ കയറ്റിവരുന്ന ലോറികളും വഴിയാണ് സംസ്ഥാനത്തേക്ക് സ്പിരിറ്റെത്തുന്നത്. ഗോവ, ആന്ധ്ര, കര്‍ണ്ണാടക എന്നിവിടങ്ങളിലെ വന്‍കിട ഗോഡൗണുകളില്‍ നിന്നുമെത്തുന്ന സ്പരിറ്റ് തമിഴ്‌നാട്ടിലെ പൊള്ളാച്ചി, മധുര, പഴനി, ദിണ്ഡിക്കല്‍ എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളില്‍ സൂക്ഷിച്ച് ആവശ്യാനുസരണം കേരളത്തിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. ചരക്കുവാഹനങ്ങള്‍ക്കുപുറമെ ആഢംബര കാറുകളില്‍ ചെറിയ തോതിലും കടത്ത് സജീവമാണ്. 35 ലിറ്റര്‍ കൊള്ളുന്ന കന്നാസുകളിലായി 3000 മുതല്‍ 6000 വരെ ലിറ്റര്‍ സ്പിരിറ്റ് കടത്തിവരുന്നുണ്ട്. ക്രിസ്തുമസ്, പുതുവല്‍സര വിപണിയെ ലക്ഷ്യമാക്കി തമിഴ്‌നാട്ടിലെ രഹസ്യ കേന്ദ്രങ്ങളില്‍ വന്‍തോതില്‍ സ്പിരിറ്റ് സൂക്ഷിച്ച് കേരളത്തിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. ചിറ്റൂരില്‍ മാസങ്ങള്‍ക്കുമുമ്പ് കാറില്‍ കടത്തിയ 600 ലിറ്റര്‍ സ്പിരിറ്റടക്കം 9 കേസുകളാണ് എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടിയിട്ടുള്ളത്. ഇതില്‍ 6000 ലിറ്റര്‍ സ്പിരിറ്റും 9 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 12 പ്രതികളെ ഇതില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. റെന്റ് എ കാര്‍ സംവിധാനത്തിലൂടെയെടുക്കുന്ന ചെറുകിട വാഹനങ്ങളും പൊളിമാര്‍ക്കറ്റുകളില്‍ നിന്നു സ്‌ക്രാപ്പുവിലക്കെടുക്കുന്ന ചരക്കുവാഹനങ്ങളുമാണ് കടത്തിനുപയോഗിക്കുന്നതിനാല്‍ പിടിക്കപ്പെട്ടാലും വണ്ടികള്‍ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ആഘോഷ വേളയില്‍ ലഹരിക്കടത്ത് തടയാന്‍ എക്‌സൈസ് വകുപ്പും രംഗത്തുണ്ട്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നു. പൊതുജനങ്ങള്‍ക്ക് അബ്കാരി, മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതികള്‍ ടോള്‍ഫ്രീ നമ്പര്‍ 155358 ലും 0491 2505897 കണ്‍ട്രോള്‍ റൂം നമ്പറിലും അറിയിക്കാം. വാഹന പരിശോധന കര്‍ശനമാക്കുന്നതിന് മൂന്ന് സ്‌ട്രൈക്കിങ് ഫോഴ്‌സും  ഹൈവേ പട്രോളിങ് യൂനിറ്റും  പ്രവര്‍ത്തനം തുടങ്ങി. ജില്ലയിലെ ലഹരി വ്യാപനം തടയുന്നതിനായി പോലിസുമായി സഹകരിച്ച് സ്‌കൂള്‍-കോളജ് പരിസരങ്ങള്‍, റെയില്‍വെ സ്റ്റേഷന്‍, ദേശീയപാത കേന്ദ്രീകരിച്ച് പരിശോധന നടത്താനും തീരുമാനമുണ്ട്.
Next Story

RELATED STORIES

Share it