Kollam Local

സംസ്ഥാനത്തെ ക്ഷീര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ 12 കോടി അനുവദിച്ചു: മന്ത്രി കെ രാജു



ശാസ്താംകോട്ട: സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിനു വേണ്ടി ക്ഷേമനിധി ബോര്‍ഡിന് സര്‍ക്കാര്‍ 12 കോടി അനുവദിച്ചതായി ക്ഷീരവികസന, മൃഗസംരക്ഷണ, വനം മന്ത്രി കെ രാജു പറഞ്ഞു. കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന ക്ഷീരകര്‍ഷകര്‍ക്കായി ആരംഭിച്ച ഇന്‍സെന്റീവ് പദ്ധതിയുടെയും പുല്‍കൃഷി പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ശൂരനാട് തെക്ക് പതാരം കക്കാക്കുന്നില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ അഞ്ച് വര്‍ഷം പാല്‍ അളന്ന കര്‍ഷകര്‍ക്ക് പ്രതിമാസം വെറും 500 രൂപ മാത്രമായിരുന്നു ക്ഷേമനിധിയില്‍ നിന്നും പെന്‍ഷനായി ലഭിച്ചുകൊണ്ടിരുന്നത്. എന്നാലത് 1000 രുപയായി വര്‍ധിപ്പിച്ചു. മറ്റ് എല്ലാ പെന്‍ഷനുകളും 1000 രൂപയില്‍ കുടുതലായി. ക്ഷീരകര്‍ഷക പെന്‍ഷനും 1100 രൂപയായി വര്‍ധിപ്പിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്ത് പാല്‍ ഉല്‍പ്പാദനത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. 70 ശതമാനം മാത്രമായിരുന്നു ഉല്‍പ്പാദനം. 30 ശതമാനത്തിന്റെ കുറവാണ് ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഉണ്ടായിരുന്നത്. ഒരു വര്‍ഷം കൊണ്ട് 17 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. അടുത്ത ഒരു വര്‍ഷം കൊണ്ട് പാല്‍ ഉല്‍പ്പാദനത്തില്‍ കേരളത്തെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ അധ്യക്ഷത വഹിച്ചു. പുല്‍കൃഷി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ നിര്‍വഹിച്ചു. മില്‍മ മേഖലാ ചെയര്‍മാന്‍ കല്ലട രമേശ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുമ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം ദര്‍ശന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയര്‍പേഴ്‌സണ്‍ ആശാ ശശിധരന്‍, ആരോഗ്യ വിദ്യാഭ്യാസകാര്യ ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍, കെ ശോഭന, ആര്‍ പുഷ്‌ക്കരന്‍, പുഷ്പകുമാരി, കാരുവള്ളി ശശി, വി വേണുഗോപാലക്കുറുപ്പ്, എസ് ഗീത, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി രവീന്ദ്രന്‍ പിള്ള സംസാരിച്ചു.
Next Story

RELATED STORIES

Share it