സംസ്ഥാനത്തെ ആദ്യ ഹൈടെക് പച്ചക്കറി തൈ ഉല്‍പാദനകേന്ദ്രം നടുക്കരയില്‍

കൊച്ചി: സംസ്ഥാനത്തെ ആദ്യ ഹൈടെക്് പച്ചക്കറി തൈ ഉല്‍പാദനകേന്ദ്രം മൂവാറ്റുപുഴ നടുക്കരയില്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പ്രതിവര്‍ഷം 2 കോടി ഹൈബ്രിഡ് പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള യൂണിറ്റാണ് ഇത്. കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തേതും ഇന്ത്യയിലെ ഈയിനത്തില്‍പ്പെട്ട രണ്ടാമത്തേതുമാണെന്ന് മന്ത്രി പറഞ്ഞു. ഗുണമേന്‍മയുള്ള നടീല്‍ വസ്തുക്കളുടെ അഭാവം പരിഹരിക്കുന്നതു മുന്‍നിര്‍ത്തിയാണ് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിപ്രകാരമാണ് ആദ്യ ഹൈടെക്് പച്ചക്കറി തൈ ഉല്‍പാദനകേന്ദ്രം (ഹൈടെക്ക് പ്ലഗ് നേഴ്‌സറി) തുടങ്ങുന്നത്.  4.09 ഏക്കറില്‍ 11.35 കോടി രുപ മുടക്കിയാണ്  ഹൈടെക് പച്ചക്കറി തൈ ഉല്‍പാദന കേന്ദ്രം പൂര്‍ത്തിയാക്കിയത്. 1536 സ്‌ക്വയര്‍ മീറ്റര്‍ വീതം വലിപ്പം ഉള്ള 4 പോളി ഹൗസുകള്‍, ഫെര്‍ട്ടിഗേഷന്‍ യൂനിറ്റ്, വിത്ത് നടീല്‍ യൂനിറ്റ്, ഓഫിസ് കോംപ്ലക്‌സ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കൗണ്‍സിലിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികള്‍ ശേഖരിക്കുന്നതിനും തളിര്‍’എന്ന ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്നതിനുമായി കൊട്ടാരക്കരയില്‍ ബ്രാന്‍ഡഡ് റീടെയില്‍ ഔട്ട്‌ലെറ്റ് 19ന് തുറക്കുമെന്നും മന്ത്രി പറഞ്ഞു. എല്‍ദോ എബ്രഹാം എംഎല്‍എ, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ സിഇഒ സുനില്‍കുമാര്‍, വകുപ്പ് ഡയറക്ടര്‍ സുരേന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it