Pathanamthitta local

സംസ്ഥാനത്തെ ആദ്യ ഹരിത നിര്‍മിതി പത്തനംതിട്ടയില്‍

പത്തനംതിട്ട: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഹരിത തത്വങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍മിക്കുന്ന ആദ്യ കെട്ടിടം പത്തനംതിട്ട ജില്ലാ കലക്ടറുടെ ക്യാംപ് ഓഫിസിന്. ഇതിനായി 2016ല്‍ മില്‍മയുടെ കൈവശമുണ്ടായിരുന്ന 72.82 സെന്റ് സ്ഥലം ഏറ്റെടുത്ത് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് കെട്ടിട നിര്‍മാണ മേഖലയില്‍ ഹരിത തത്വങ്ങളിലും പാരിസ്ഥിതിക സുസ്ഥിര വികസനത്തിലും ഊന്നിയുള്ള കെട്ടിട നിര്‍മാണത്തിന് തീരുമാനം എടുത്ത ശേഷം സംസ്ഥാനത്ത്  ആദ്യമായി ഹരിത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിര്‍മാണം ഏറ്റെടുക്കുന്ന കെട്ടിടമെന്ന പ്രത്യേകതയാണ് ഇതിനുള്ളതെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. പ്രകൃത്യജന്യ വിഭവങ്ങളുടെയും പുനരുപയോഗം ഇല്ലാത്ത വിഭവങ്ങളുടെയും ഉപഭോഗം പരമാവധി കുറച്ച് പുനരുപയോഗിക്കുവാന്‍ കഴിയുന്ന വിഭവങ്ങളുപയോഗിച്ചാണ് നിര്‍മാണം നടത്തുന്നത്. പ്രദേശത്തിന്റെ ചരിവിനനുസൃതമായി സൗരോര്‍ജം ക്രമാനുഗതമായി ഉപയോഗപ്പെടുത്തിയും ആവശ്യാനുസരണം സ്വാഭാവിക വായുസഞ്ചാരം ഉറപ്പുവരുത്തിയുമാണ് ഹരിത മാതൃകയിലുള്ള നിര്‍മാണങ്ങള്‍ നടത്തുന്നത്. കേന്ദ്ര ഹരിത റേറ്റിങ് ഏജന്‍സിയായ ഗൃഹയില്‍ ഈ കെട്ടിടത്തിന്റെ നിര്‍മാണം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.  വനവിസ്തൃതി ഏറെയുള്ള ജില്ലയില്‍ പ്രകൃതിക്കിണങ്ങിയ നിര്‍മിതികള്‍ ഉണ്ടാകുന്നത് പ്രകൃതിസംരക്ഷണത്തിന് മുതല്‍കൂട്ടാകുമെന്ന് ചടങ്ങില്‍ സംബന്ധിച്ച വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. പ്രകൃതി സൗഹൃദ വസ്തുക്കള്‍ കൂടുതലായി നിര്‍മാണത്തിന് ഉപയോഗിക്കുന്ന രീതിയിലാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. വൈദ്യുതി ഉത്പാദനത്തിനായി സോളാര്‍ സംവിധാനം, മഴവെള്ള സംഭരണത്തിനുള്ള സംവിധാനങ്ങള്‍, അകത്തെ ഭിത്തികളില്‍ സിമന്റിന് പകരം ജിപ്‌സം പ്ലാസ്റ്ററിങ്, ലെഡ് വിമുക്ത പെയിന്റുകള്‍, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി എല്‍ഇഡി ബള്‍ബുകള്‍, ബിഇഇ സ്റ്റാര്‍ റേറ്റിങിലുള്ള സീലിങ് ഫാനുകള്‍ എന്നിവയുടെ ഉപയോഗം, കെട്ടിടത്തിന് വെളിയില്‍ മഴവെള്ളതിന് ഊര്‍ന്നിറങ്ങാന്‍ കഴിയുന്ന തരത്തിലുള്ള എക്സ്റ്റീരിയല്‍ ടൈലുകളുടെ ഉപയോഗം, തദ്ദേശീയമായ മരങ്ങളും കുറ്റിച്ചെടികളും ഉപയോഗിച്ചുള്ള ലാന്‍ഡ് സ്‌കേപ്പിങ് തുടങ്ങി പ്രകൃതിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന രീതിയിലുള്ള ഒരു നിര്‍മിതിയാണ് പൊതുമരാമത്ത് വകുപ്പ് വിഭാവനം ചെയ്തിട്ടുള്ളത്. എട്ട് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന് 4842 ച.അടി വിസ്തീര്‍ണമാണുള്ളത്. ജില്ലാ കലക്ടറുടെ പേഴ്‌സണല്‍ സ്റ്റാഫിന് താമസിക്കുന്നതിനുള്ള സൗകര്യം, ക്യാംപ് ഓഫീസിനുള്ള വിപുലമായ സൗകര്യങ്ങള്‍ തുടങ്ങിയവ കെട്ടിടത്തിലുണ്ട്. 1.25 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. കെ വി റജി, കടമ്പാട്ട് ബില്‍ഡേഴ്‌സ് എറണാകുളമാണ് കെട്ടിടത്തിന്റെ കോണ്‍ട്രാക്ട് ഏറ്റെടുത്തിട്ടുള്ളത്.
Next Story

RELATED STORIES

Share it