thrissur local

സംസ്ഥാനത്തെ ആദ്യ തുരങ്കപാത ഏപ്രിലില്‍ പ്രധാനമന്ത്രി നാടിനു സമര്‍പ്പിക്കും

തൃശൂര്‍: തൃശൂര്‍-പാലക്കാട് റൂട്ടില്‍ കുതിരാനില്‍ സംസ്ഥാനത്തെ ആദ്യത്തെ തുരങ്കപാത ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതിനുള്ള നടപടികള്‍ ചെയ്തു വരികയാണെന്ന് കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞു. മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപാതയില്‍ കുതിരാനില്‍ നിര്‍മിക്കുന്ന രണ്ടു തുരങ്കങ്ങളില്‍ ഇടതുഭാഗത്തെ ആദ്യ തുരങ്കപാത ഈ മാസം അവസാനത്തോടെ തന്നെ തുറന്നു കൊടുക്കും. ഈ തുരങ്കത്തിന്റെ ഇരുഭാഗത്തേയും അപ്രോച്ച് റോഡുകളുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. ആറുവരി പാതയുടെ പ്രധാന നിര്‍മാണ കമ്പനിയായ കെഎംസിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായില്ലെങ്കിലും എല്ലാം സമയത്ത് നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.മാര്‍ച്ച് മാസത്തോടെ വലതുഭാഗത്തെ രണ്ടാമത്തെ തുരങ്കപ്പാത നിര്‍മാണവും പൂര്‍ത്തിയാക്കി തുറന്നു കൊടുക്കും. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് ഏപ്രിലില്‍ പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച് നടത്താനാണ് തീരുമാനം. ഫയര്‍ ആന്റ് സേഫ്റ്റി അധികൃതര്‍ ഇന്നലെ തുരങ്കപാതയില്‍ പരിശോധന നടത്തി. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പ്ലാന്‍ ഫയര്‍ അധികൃതര്‍ കരാര്‍ കമ്പനിക്ക് നല്‍കിയിട്ടുണ്ട്. നാഷനല്‍ ഹൈവേ അതോറിറ്റിയ്ക്ക് തന്നെ ഇതിനായി പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നതിനാല്‍ വാഹനങ്ങള്‍ പോകുന്നതിന് തടസങ്ങളില്ലെന്ന് ടണല്‍ നിര്‍മാണ കമ്പനിയായ പ്രഗതിയുടെ പിആര്‍ഒ ശിവാനന്ദന്‍ പറഞ്ഞു. തുരങ്കപാതയില്‍ നിന്നും ഇരുഭാഗത്തേയ്ക്കുമുള്ള അപ്രോച്ച് റോഡുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലാ കലക്ടറും ജിയോളജി വിഭാഗവും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇടതുഭാഗത്തെ ആദ്യതുരങ്കം തുടങ്ങുന്ന ഇരുമ്പുപാലം ഭാഗത്തും മറുഭാഗമായ വഴുക്കുംപാറ ഭാഗത്തും അപ്രോച്ചു റോഡുകളുടെ വശങ്ങള്‍ കല്ലും മണ്ണും ഇടിഞ്ഞ് വീഴാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആദ്യതുരങ്കത്തിനുള്ളില്‍ ദീപാലങ്കാര വര്‍ക്കുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഡ്രെയിനേജിന്റെ ജോലികളും അന്തിമഘട്ടത്തിലാണ്. വഴുക്കുംപാറ ഭാഗത്തെ അപ്രോച്ച് റോഡിന്റെ ടാറിങ് പണികള്‍ അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. നിലവിലുള്ള റോഡ് പത്ത് മീറ്ററോളം താഴ്ത്തി തുരങ്കപാതയുടെ ലെവലിലാക്കണം. രണ്ടാമത്തെ തുരങ്കപ്പാത നിര്‍മാണം നടന്നു വരികയാണ്. ഇതിനുള്ളില്‍ കോണ്‍ക്രീറ്റിങ് പണികള്‍ ആരംഭിച്ചിട്ടില്ല. ഇടയ്ക്ക് മറ്റു തടസങ്ങളൊന്നും വന്നില്ലെങ്കില്‍ ഏപ്രില്‍ മാസത്തോടെ രണ്ട് തുരങ്കവും യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കരാര്‍ കമ്പനി അധികൃതര്‍ പറയുന്നു.
Next Story

RELATED STORIES

Share it