palakkad local

സംരക്ഷകരില്ല; തിരുവേഗപ്പുറ ഫോക്‌ലോര്‍ പാര്‍ക്ക് നശിക്കുന്നു

സ്വന്തം  പ്രതിനിധി

പട്ടാമ്പി: തൂതപ്പുഴയുടെ തീരത്ത് ഒന്നര ഏക്കര്‍ സ്ഥലത്ത് 600 മീറ്ററോളം നീളത്തില്‍ പണികഴിപ്പിച്ച ഫോക്‌ലോര്‍ പാര്‍ക്ക് സംരക്ഷണമില്ലാതെ നശിക്കുന്നു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പൊതു പദ്ധതിയാണിത്. 5.25 കോടി എസ്റ്റിമേറ്റില്‍ തിരുവേഗപ്പുറ ഗ്രാമപ്പഞ്ചായത്ത് തയ്യാറാക്കിയ പദ്ധതി അതുപോലെ നടപ്പാക്കാന്‍ സാധ്യമല്ലെന്ന ടൂറിസം ഡിപാര്‍ട്ട്‌മെന്റ് വാശി പിടിച്ചതോടെയാണ് ശനിദശ ആരംഭിക്കുന്നത്. തൂതപ്പുഴ കേന്ദ്രീകരിച്ച് ജില്ലയില്‍ നടപ്പില്‍ വരുത്തുന്ന ആദ്യ സംരംഭം എന്ന പ്രത്യേകത കൂടി ഈ ഉദ്യാനത്തിനുണ്ട്. നാഥനില്ലാതെ കിടക്കുന്ന പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനം നടത്താന്‍ ആരും തയ്യാറാവാത്തതാണ് ഇപ്പോഴത്തെ വിഷയം. പദ്ധതിയുടെ ഒന്നാം ഘട്ടനിര്‍മാണം പൂര്‍ത്തിയായെങ്കിലും ഉദ്യാനം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കായില്ല. 2013ലാണ് സര്‍വേ പൂര്‍ത്തിയാക്കി തിരുവേഗപ്പുറ പഞ്ചായത്തും റവന്യൂ വകുപ്പും കൂടി കൈയേറ്റക്കാരില്‍ നിന്നും സ്ഥലം ഒഴിപ്പിച്ചെടുത്തത്. സി എര്‍ത്ത് എന്ന ഏജന്‍സിയാണ് ഉദ്യാനത്തിന്റെ രൂപകല്‍പന തയ്യാറാക്കിയത്. 2015 ആഗസ്ത് 8ന് യുഡിഎഫ്  വിനോദ സഞ്ചാര വകുപ്പ് മന്ത്രിയായിരുന്ന എ പി അനില്‍കുമാറാണ് നിര്‍മാണോദ്ഘാടനം നടത്തിയത്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല. ആദ്യ ഘട്ടം നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയായെങ്കിലും ചുറ്റുമതില്‍ പണിതില്ല എന്ന കാരണത്താല്‍ ഉദ്ഘാടനം ചെയ്തില്ല.ഒന്നാം ഘട്ടത്തില്‍ പ്രവേശന കവാടം, ഇരിപ്പിടം, ഓഫിസ്, ശുചിമുറി, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയായതോടെ പാര്‍ക്ക് ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴത്തെ എംഎല്‍എ മുഹമ്മദ് മുഹസിനും ജില്ലാ വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരും ഇടപെട്ട് മുഴുവന്‍ പണികളും പൂര്‍ത്തിയായാല്‍ ഉദ്ഘാടനം നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചതാണ് വിനയായത്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളും ചുറ്റുമതിലും ഇല്ലാതെ ഉദ്ഘാടനം നടത്തിയാല്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുക എന്ന നിഗമനമാണത്രെ അങ്ങനെ തീരുമാനം എടുക്കാന്‍ കാരണം.അതിനു ശേഷമുണ്ടായ കഴിഞ്ഞ വര്‍ഷത്തെ അതിവൃഷ്ടിയില്‍ തൂതപ്പുഴ കരകവിഞ്ഞൊഴുകിയതോടെ  ഉദ്യാനവും വെള്ളത്തില്‍ മുങ്ങി. പുഴയില്‍ നിന്നുള്ള മണലും ചരലും മറ്റുമലിന വസ്തുക്കളും പാര്‍ക്കിലേക്ക് കയറി. ഈ ഭാഗങ്ങളില്‍ നിന്നും മണലെടുത്ത വകയില്‍ കോടിക്കണക്കിന് രൂപയാണ് റിവര്‍മാനേജ്‌മെന്റ് ഫണ്ടിലേക്ക് തിരുവേഗപ്പുറ പഞ്ചായത്തില്‍ നിന്ന് അടച്ചിട്ടുള്ളത്. അതില്‍ നിന്നും കാല്‍ഭാഗം അനുവദിച്ചാല്‍ തന്നെ പാര്‍ക്കിന്റെ ചുറ്റുമതില്‍ അടക്കമുള്ള എല്ലാ പ്രവൃത്തികളും തീര്‍ക്കാന്‍ കഴിയും.
Next Story

RELATED STORIES

Share it