thrissur local

സംയോജിത പദ്ധതികളിലൂടെ ജില്ല സമഗ്ര വികസനത്തിനൊരുങ്ങുന്നു

തൃശൂര്‍: സംയോജിതപദ്ധതികളിലൂടെ തൃശൂര്‍ ജില്ലയെ സമഗ്ര വികസനത്തിലെത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പറഞ്ഞു. ജില്ലാ ആസൂത്രണ ഭവനില്‍ ജില്ലാ വികസന രേഖ അംഗീകരിക്കല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. തൃശൂര്‍ ജില്ലയുടെ വികസന പദ്ധതി സംസ്ഥാന വികസന കൗണ്‍സില്‍ അംഗീകരിച്ചു. 2018-19 ല്‍ ജില്ലയുടെ സമഗ്രവികസനം മുന്നില്‍ കാണുന്ന സംയോജന പദ്ധതികള്‍ നടപ്പാക്കും.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഒന്നായി ചേര്‍ന്ന് മികച്ച പദ്ധതിയാണ് ഇനി നടപ്പാക്കുകയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഒരേ ലക്ഷ്യത്തോടെ എല്ലാ പദ്ധതികളും മുന്നോട്ടു കൊണ്ടുപോകും. ജില്ലയില്‍ മണ്ണുസംരക്ഷണത്തിന് മുന്‍തൂക്കം നല്‍കും. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കും. ലഭ്യമായ വിഭവങ്ങളെ സാമ്പത്തിക വികസനത്തിന് സംയോജിതമായി ഉപയോഗപ്പെടുത്തും.
സംസ്ഥാനത്തെ സുസ്ഥിര വികസന സാമ്പത്തികാടിത്തറയുളള പരിസ്ഥിതി സൗഹൃദ ജില്ലയായി തൃശൂരിനെ വികസിപ്പിക്കും. ഈ പദ്ധതികള്‍  നടപ്പിലാക്കുന്നതിന്റെ ഭാഗമായി  ഇന്ന് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തംഗങ്ങളുടെ യോഗം ചേരുമെന്നും അവര്‍ അറിയിച്ചു. ജലരക്ഷ-ജീവരക്ഷ, തരിശുരഹിത തൃശൂര്‍, ഫലസമൃദ്ധി, സമഗ്രകോള്‍ വികസനം, കാന്‍, കളിത്തട്ട്, വയോജനസൗഹൃദ ജില്ല, ബാലസൗഹൃദ ജില്ല, ഭിന്നശേഷി സൗഹൃദ ജില്ല-ഭിന്നശേഷി വിഭവകേന്ദ്രം, കാര്‍ഷിക വ്യവസായ പാര്‍ക്കുകള്‍, സംയോജന ഫാം മാനേജ്‌മെന്റ് സ്‌കീം എന്നിവയാണ് നടപ്പാക്കുന്ന സംയോജിത പദ്ധതികള്‍. ഈ പദ്ധതികള്‍ നടപ്പാക്കുന്നതിന് മാര്‍ച്ച് 12 നകം അംഗീകാരം ആവശ്യമാണെന്നും അവര്‍ പറഞ്ഞു.ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ അധ്യക്ഷത വഹിച്ചു. സംയോജിത പദ്ധതികള്‍ ഒരേ ലക്ഷ്യത്തോടെ മുന്നോട്ടു കൊണ്ടു പോകണം.
സംസ്ഥാനത്തെ നാലു മിഷനുകളുമായി ലയിപ്പിച്ചു തന്നെ മുന്നോട്ടു പോകണമെന്നും ഉദ്യോഗസ്ഥരോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഡിപിസി സര്‍ക്കാര്‍ പ്രതിനിധി ഡോ. എം എന്‍ സുധാകരന്‍, വിദഗ്ധര്‍, ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ (ഇന്‍-ചാര്‍ജ്ജ്) ടി ആര്‍ മായ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വികസന രേഖയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു. സംയോജിത പദ്ധതികള്‍ നടപ്പാക്കുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു.
Next Story

RELATED STORIES

Share it