World

സംയുക്ത സൈനികാഭ്യാസം നിര്‍ത്തും: യുഎസ്, ദക്ഷിണ കൊറിയ

സോള്‍: ദക്ഷിണ കൊറിയയിലെ സംയുക്ത സൈനികാഭ്യാസം നിര്‍ത്തിവയ്ക്കുന്നതായി സ്ഥിരീകരിച്ചു യുഎസും ദക്ഷിണ കൊറിയയും. ഉത്തര കൊറിയയുമായുള്ള ഉച്ചകോടിയില്‍ ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം നിര്‍ത്തിവയ്ക്കുമെന്നു ട്രംപ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇരുവിഭാഗവും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
17,500ഓളം യുഎസ് സൈനികരാണു സംയുക്ത പരിശീലനത്തില്‍ പങ്കെടുക്കാറുള്ളത്. യുഎസും ദക്ഷിണ കൊറിയയും മറ്റ് സൈനിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു ദക്ഷിണ കൊറിയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മറ്റ് സൈനികാഭ്യാസങ്ങള്‍ തുടരുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. എന്നാല്‍ മറ്റു സംയുക്ത സൈനികാഭ്യാസങ്ങള്‍ അവസാനിപ്പിക്കുന്നതിന്മാറ്റമുണ്ടാവില്ലെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്, സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ എന്നിവര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.
ഉച്ചകോടിയില്‍, യുഎസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം പ്രകോപനപരമാണെന്ന് ഉത്തര കൊറിയ ആരോപിച്ചിരുന്നു. തുടര്‍ന്നാണു നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്ന് ട്രംപ് അറിയിച്ചത്. കൊറിയന്‍ മണ്ണില്‍ യുഎസും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസ പ്രകടനങ്ങളെ ഉത്തര കൊറിയ നിശിതമായി വിമര്‍ശിക്കുകയും തുടര്‍ന്ന് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷാവസാനം ജപ്പാനു മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ പറത്തിയാണ് ഉത്തര കൊറിയ ശ്രദ്ധാകേന്ദ്രമാവുന്നത്. അതേസമയം ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം നിര്‍ത്തിവയ്ക്കുന്നതായുള്ള ട്രംപിന്റെ പ്രതികരണത്തെ ജപ്പാന്‍ ആശങ്കയോടെയാണു വീക്ഷിച്ചത്.
പതിനായിരക്കണക്കിനു യുഎസ് സൈനികരാണു സംയുക്ത പരിശീലനത്തിനായി ജപ്പാനിലുള്ളത്. അതേസമയം ട്രംപിന്റെ നടപടി യുഎസ്-ജപ്പാന്‍ സൈനികാഭ്യാസത്തെ ബാധിക്കില്ലെന്നു ജപ്പാന്‍ പ്രതിരോധമന്ത്രി സുനോറി ഓനോഡേറ അറിയിച്ചു.
Next Story

RELATED STORIES

Share it