സംയുക്ത ട്രേഡ് യൂനിയന്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും: ഐഎന്‍ടിയുസി

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി, ജന-ദേശവിരുദ്ധ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ സമരം ശക്തിപ്പെടുത്താന്‍ ഐഎന്‍ടിയുസി കൊച്ചിയില്‍ ചേര്‍ന്ന കേന്ദ്ര പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ദേശീയതലത്തില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഐഎന്‍ടിയുസി യോഗം മുന്നറിയിപ്പ് നല്‍കി. ശക്തമായ തൊഴിലാളി പ്രക്ഷോഭങ്ങളുണ്ടായിട്ടും തൊഴിലാളിവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോവുന്ന കേന്ദ്രസര്‍ക്കാരിന് താക്കീത് നല്‍കാന്‍ ഒരാഴ്ചനീളുന്ന പണിമുടക്ക് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റും രാജ്യാന്തര ട്രേഡ് യൂനിയന്‍ സംഘടനകളുടെ ഉപാധ്യക്ഷനുമായ ഡോ. ജി സഞ്ജീവ റെഡ്ഡി പറഞ്ഞു. പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  ഇതര ട്രേഡ് യൂനിയനുകളുമായി കൂടിയാലോചിച്ചു തിയ്യതികള്‍ നിശ്ചയിക്കും. സ്വകാര്യവല്‍ക്കരണത്തിനെതിരേ പ്രക്ഷോഭം ശക്തിപ്പെടുത്താനും പ്രവര്‍ത്തക സമിതി തീരുമാനിച്ചു. കേന്ദ്ര ബജറ്റില്‍ തൊഴിലാളിവിരുദ്ധ പ്രഖ്യാപനങ്ങളുണ്ടായാല്‍ ശക്തമായി പ്രതിരോധിക്കാനുള്ള സംയുക്ത ട്രേഡ് യൂനിയന്‍ തീരുമാനം നടപ്പാക്കും. ബജറ്റ് അവതരണദിനം തന്നെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. ബജറ്റ് അവതരണത്തിനു ശേഷം കേന്ദ്ര ട്രേഡ് യൂനിയനുകളുടെ സംയുക്ത യോഗം ചേര്‍ന്നു ഭാവി പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സഞ്ജീവ റെഡ്ഡി അറിയിച്ചു. രാജേന്ദ്രപ്രസാദ് സിങ്, രാഘവയ്യ, ആര്‍ ചന്ദ്രശേഖരന്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it