Flash News

സംഭാഷണങ്ങള്‍ക്ക് അഭിനേതാക്കളെ ശിക്ഷിക്കാനാകില്ലെന്ന് ഹൈകോടതി

സംഭാഷണങ്ങള്‍ക്ക് അഭിനേതാക്കളെ ശിക്ഷിക്കാനാകില്ലെന്ന് ഹൈകോടതി
X


ന്യൂഡല്‍ഹി: സിനിമയിലെയും സീരിയലിലേയും സംഭാഷണങ്ങളുടെ പേരില്‍ അഭിനേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സ്‌ക്രിപ്റ്റിനനുസരിച്ച് അഭിനയിക്കുന്നു എന്നതിനപ്പുറം കഥാപാത്രത്തിന്റെ സംഭാഷണങ്ങളുടെ ധാര്‍മ്മിക ബാധ്യത അവരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കി.

നെറ്റ്  ഫ്‌ലിക്‌സില്‍  വിവാദമായ സേക്രഡ് ഗെയിംസ് എന്ന വെബ്‌സീരീസിനെതിരായ കേസില്‍ വാദം കേള്‍ക്കവേയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. നവാസുദ്ദീന്‍  സിദ്ദിഖ്വിയുടെ കഥാപാത്രം വളരെ മോശമായ രീതിയിലാണ് രാജീവ് ഗാന്ധിയെ കുറിച്ച് സംസാരിക്കുന്നതെന്നും അതു കൊണ്ട് അദ്ദേഹത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇത് സാധ്യമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.പശ്ചിമ ബംഗാളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ രാജീവ് സിന്‍ഹയാണ് ഹര്‍ജി നല്‍കിയത്.

വെബ്‌സീരിസില്‍  മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ മോശമായി ചിത്രീകരിച്ചുവെന്നും ഗാന്ധി കുടുംബത്തിനെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങളും രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇവ
നീക്കം ചെയ്യണമെന്നും സിന്‍ഹ ആവശ്യപ്പെട്ടിരുന്നു.രാജ്യത്തിന്റെ ചരിത്രം തന്നെ തെറ്റായാണ് വെബ്‌സീരീസില്‍ വ്യാഖ്യാനിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.
രാജീവ് ഗാന്ധി ജീവിച്ചതും മരിച്ചതും രാജ്യത്തിന് വേണ്ടിയാണ് എന്നത് ഒരു വെബ്‌സീരീസിനും തിരസ്‌കരിക്കാന്‍ ആവില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ നേരത്തെ പ്രതികരിച്ചത്. ആര്‍എസ്എസും ബിജെപിയും അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന് വാദിക്കുന്നവരാണ്. പക്ഷേ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മൗലികമാണ് എന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു വെബ്‌സീരീസിലെ സാങ്കല്‍പിക കഥാപാത്രത്തിന്റെ ചെയ്തികള്‍ക്ക് രാജീവ് ഗാന്ധിയുടെ ചരിത്രത്തെയും ജീവിതത്തെയും നിഷേധിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദത്തില്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച്  സേക്രഡ് ഗെയിംസിന്റെ സഹ സംവിധായകനായ അനുരാഗ് കശ്യപും  നടി സ്വര ഭാസ്‌കറും രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it