palakkad local

സംഗീത നാടക അക്കാദമിയുടെ തെരുവരങ്ങ്: തെരുവ് നാടകമേള 28 മുതല്‍

പാലക്കാട്: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ‘തെരുവരങ്ങ്’ തെരുവ് നാടകോല്‍സവം 28, 29, 30 തീയതികളില്‍ പാലക്കാട് താരേക്കാട് ഗവ. മോയന്‍ എല്‍.പി സ്‌കൂളില്‍ നടക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ അറിയിച്ചു.
ഒമ്പത് നാടക സംഘങ്ങളാണ് നാടകാവതരണം നടത്തുന്നത്. ഇന്നിന്റെ തെരുവു നാടകങ്ങളുടെ പ്രോജ്വലമായ ആവിഷ്‌കാരമാണ് തെരുവുനാടക മേളയിലൂടെ നടത്താന്‍ ഉദ്ദേശിക്കുന്നത്.
28ന്് വൈകീട്ട് 5.30ന് ഉദ്ഘാടന സമ്മേളനം നടക്കും. ബ്രൗണ്‍ മോണിങ് എന്ന കഥയെ ആസ്പദമാക്കി തിരുവനന്തപുരത്തെ ആപ്ട് പെര്‍ഫോമന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ അവതരിപ്പിക്കുന്ന ‘അരാജകത്വത്തിന്റെ വളര്‍ത്തുമൃഗങ്ങള്‍’ 6.30ന് നടക്കും.
രവി ശങ്കരിന്റെ സംവിധാനത്തില്‍ ബേപ്പൂര്‍ നാടകപാഠശാലയുടെ ‘കുളിക്കുന്ന മലയാളിസ്വന്തം ശരീരവും വീടും വൃത്തിയാക്കി അന്യന്റെ ഇടങ്ങള്‍ മലിനമാക്കുന്ന മനുഷ്യരുടെ കപടമുഖങ്ങള്‍ തുറന്നുകാണിക്കുന്നു.
മനുഷ്യര്‍ മൂരികളായി മാറുന്ന കാലത്തെ സാംസ്‌കാരിക ജീവിത ഭയങ്ങള്‍ തുറന്നുകാണിക്കുന്ന ഗിരീഷ് കളത്തില്‍ സംവിധാനം ചെയ്ത ‘മൂരി’ അവതരിപ്പിക്കുന്നത് കോഴിക്കോട് യുവഭാവനയാണ്.
നാടകോല്‍സവത്തിന്റെ രണ്ടാം ദിനമായ 29ന് സ്ത്രീകള്‍ പ്രച്ഛന്നവേഷം ധരിച്ച് ജീവിക്കേണ്ടിവരുന്ന കാലത്തെ സൂചിപ്പിക്കുന്ന രഞ്ജി കാങ്കേലിന്റെ ‘പ്രച്ഛന്നവേഷം’, പ്രദീപ് മുണ്ടൂരിന്റെ സംവിധാനത്തില്‍ കാസര്‍ഗോഡ് യുവശക്തി നാടകശാല അവതരിപ്പിക്കുന്ന കത്തുന്ന കാലത്തിന്റെ പ്രതിഷേധവും പ്രതിരോധവും അടയാളപ്പെടുത്തുന്ന ‘ബാലഗോകുലം, അസീസ് പെരിങ്ങോട് രചനയും സംവിധാനവും നിര്‍വഹിച്ച പഴയക്കാല ചായക്കടകളെ കൈയ്യടക്കിയ കഫറ്റീരിയകളുടെ ലോകത്തെ പരാമര്‍ശിക്കുന്ന വിത്തൗട്ട് കുമാരന്‍’ നാടകങ്ങള്‍ അരങ്ങേറും.
അവസാന ദിനമായ 30ന് സമാപന സമ്മേളനത്തിനു ശേഷം ചെറുകാടിന്റെ ചെറുകഥയെ ആസ്പദമാക്കി പാര്‍ത്ഥസാരഥി അവതരിപ്പിക്കുന്ന ‘ഊണിന് നാലണ’, പ്രമോദ് തവനൂരിന്റെ സംവിധാനത്തില്‍ മാധവിക്കുട്ടിയുടെ കഥയെ ആസ്പദമാക്കി പുല്ല് തിന്നാതെയും കാടിവെള്ളം കുടിക്കാതെയും ഭീകരജീവിയായി മാറിയ പശുവിന്റെ കഥ പറയുന്ന ‘വിശുദ്ധ പശു’, ലേഡി ഗ്രിഗറിയുടെ ‘റൈസിങ് ഓഫ് ദി മൂണിനെ’ ആധാരമാക്കി പ്രശാന്ത് സംവിധാനം ചെയ്ത ‘തീരം’ അവതരിപ്പിക്കും.
Next Story

RELATED STORIES

Share it