ഷിക്കാരിപുരയില്‍ യെദ്യൂരപ്പയ്ക്ക് ഏഴാം ജയം

ബംഗളൂരു: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ യെദ്യൂരപ്പ ഷിക്കാരിപുരയില്‍ നിന്നു വിജയിച്ചത് ഏഴാം തവണ. കഴിഞ്ഞ ആറു നിയമസഭാ തിരഞ്ഞെടുപ്പുകളിലും യെദ്യൂരപ്പ ഈ മണ്ഡലത്തില്‍ നിന്നാണു വിജയിച്ചത്. ഇവിടെ കോണ്‍ഗ്രസ്സിന്റെ ജി ബി മലതേഷ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന എതിരാളി.
ലിംഗായത്തുകള്‍ക്കു ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മലതേഷ് കുറുബ സമുദായാംഗമാണ്. എതിരാളി യെദ്യൂരപ്പയാവട്ടെ ലിംഗായത്തുകളുടെ സമുന്നത നേതാവും. തിരഞ്ഞെടുപ്പിനു 48 മണിക്കൂറുകള്‍ക്കു മുമ്പ് ബിജെപി 125 മുതല്‍ 130 സീറ്റുകള്‍ വരെ നേടുമെന്ന് യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു. സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിക്കാനും അദ്ദേഹം തയ്യാറായി. 2008ലെ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും യെദ്യൂരപ്പയായിരുന്നു.
അതേസമയം, സിദ്ധരാമയ്യ സര്‍ക്കാരിനെ ജനങ്ങള്‍ പുറംതള്ളിയെന്നതിന്റെ തെളിവാണു തിരഞ്ഞെടുപ്പ് ഫലമെന്നു ബി എസ് യെദ്യൂരപ്പ അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടാണ് സിദ്ധരാമയ്യക്ക് സ്വന്തം മണ്ഡലം പോലും നഷ്ടമായത്. കോണ്‍ഗ്രസ് മുക്ത കര്‍ണാടക എന്ന ലക്ഷ്യത്തിനു ജനങ്ങള്‍ അംഗീകാരം നല്‍കിയെന്നും യെദ്യൂരപ്പ  വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
പരാജയപ്പെട്ടിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ശ്രമമാണു കോണ്‍ഗ്രസ് ജനതാദളുമായി ചേര്‍ന്നു നടത്തുന്നത്. പിന്‍വാതിലിലൂടെ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ്സിന്റേത്. അടുത്ത നീക്കം ദേശീയ പ്രസിഡന്റ് അമിത്ഷായുമായി ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it