ശ്രീശാന്തിനെതിരേയുള്ള ക്രിമിനല്‍ അപ്പീല്‍: ജൂലൈയില്‍ തീരുമാനമാക്കണം

ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി കേസില്‍ ശ്രീശാന്തിനെതിരേ ഡല്‍ഹി പോലിസ് നല്‍കിയ ക്രിമിനല്‍ അപ്പീലില്‍ ജൂലൈ അവസാനത്തോടെ തീരുമാനമാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിന്റെ ഈ സീസണില്‍ കളിക്കാന്‍ അനുവദിക്കുന്നതിന് ഇടക്കാല ഉത്തരവു പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് സുപ്രിംകോടതിയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിന്റെ നടപടി.
ഇവിടെ ശ്രീശാന്തിന് കളിക്കാനുള്ള സമയം നഷ്ടമായിരിക്കുന്നു. വിദേശത്ത് കളിക്കാന്‍ ഒരു ഓഫര്‍ ഉണ്ടെന്നും ഒരു സീസണില്‍ അദ്ദേഹത്തെ വിദേശത്തു കളിക്കാന്‍ അനുവദിക്കണമെന്നും  ശ്രീശാന്തിനു വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു.
എന്നാല്‍, ഈ വാദത്തെ ബിസിസിഐയുടെ അഭിഭാഷകന്‍ പരാഗ് ത്രിപാഠി എതിര്‍ത്തു. പ്രഥമദൃഷ്ട്യാ ശ്രീശാന്ത് കുറ്റക്കാരനാണെന്നും ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയതിനെതിരായ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി മുമ്പാകെയാണെന്നും പണം വാങ്ങിയിട്ടില്ലെന്ന കാര്യം അദ്ദേഹം നിഷേധിച്ചിട്ടില്ലെന്നും ബിസിസിഐ ഇന്നലെ കോടതിയില്‍ വാദിച്ചു. മെക്കോക്ക, ഐപിസി ആക്റ്റുകളിലെ വ്യവസ്ഥകള്‍ തന്റെ വിഷയത്തില്‍ ബാധകമല്ലെന്നു മാത്രമാണ് അദ്ദേഹം വാദിക്കുന്നതെന്നാണ് ബിസിസിഐ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്.
എന്നാല്‍, ഒരു ഇന്നിങ്‌സ് നഷ്ടപ്പെട്ടാല്‍ രണ്ടാമത്തെ ഇന്നിങ്‌സിന് അവസരം നല്‍കാറുണ്ടെന്നും ഇപ്പോള്‍ നാലുവര്‍ഷം അദ്ദേഹം അനുഭവിച്ചെന്നും ഈ സീസണ്‍ തീരാന്‍ ഇനി വെറും മൂന്നുമാസം മാത്രമേയുള്ളൂവെന്നും സല്‍മാന്‍ ഖുര്‍ഷിദ് കോടതിയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it