ശ്രീജിത്ത് അനിശ്ചിതകാല സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: പോലിസ് കസ്റ്റഡിയില്‍ വച്ചുള്ള സഹോദരന്റെ മരണത്തില്‍ നീതി തേടി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തിരുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് സമരം അവസാനിപ്പിച്ചു. സിബിഐ സംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കിയശേഷമാണ് സമരം അവസാനിപ്പിച്ചതായി ശ്രീജിത്ത് അറിയിച്ചത്. സിബിഐ അന്വേഷണം എന്ന ആവശ്യമായിരുന്നു 781 ദിവസം പിന്നിട്ട ഒറ്റയാള്‍സമരത്തില്‍ ശ്രീജിത്ത് ഉന്നയിച്ചിരുന്നത്. അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ശ്രീജിത്തും അമ്മ രമണി പ്രമീളയും മാധ്യമങ്ങളോട് പ്രതികരിച്ചു. സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ മൊഴി ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.സിബിഐ ആസ്ഥാനത്ത് രണ്ടു മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പാണ് നടന്നത്. പോലിസ് കസ്റ്റഡിയിലിരിക്കെ മര്‍ദനത്തിനിരയായി 2014 മെയ് 19നാണ് നെയ്യാറ്റിന്‍കര വെങ്കടമ്പ് സ്വദേശി ശ്രീജിവ് മരിച്ചത്. സ്വാഭാവിക മരണമല്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണത്തിന് കുടുംബം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് ഏറ്റെടുക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സിബിഐ തള്ളുകയായിരുന്നു.  അടുത്തിടെ ശ്രീജിത്തിന്റെ സമരം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായതോടെ സര്‍ക്കാര്‍ ഇടപെട്ട് അന്വേഷണ ഉത്തരവ് നേടിയെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it