Flash News

ശ്രീജിത്തിന്റെ ശരീരത്തില്‍ അസാധാരണ മുറിവുകള്‍; ഉരുട്ടിക്കൊലയെന്ന് സൂചന

കൊച്ചി: വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയെന്ന് സംശയം. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്.
അസാധാരണ മുറിവുകളും ചതവുകളും പോറലുകളും ശ്രീജിത്തിന്റെ ശരീരത്തിലുണ്ടായിരുന്നു. പ്രത്യേകതരം ആയുധം ശ്രീജിത്തിന ് മേല്‍  ഉപയോഗിച്ചുവെന്ന സൂചനയും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുണ്ട്. ശരീരത്തില്‍ വിവിധയിടങ്ങളിലായി 18 ക്ഷതങ്ങളാണുള്ളത്. മൂര്‍ച്ചയില്ലാത്ത, എന്നാല്‍ ക്ഷതമേല്‍പ്പിക്കാന്‍ പോന്ന ആയുധമാണ് മുറിവുകള്‍ക്കു കാരണം. രണ്ട് തുടകളിലെയും മാംസപേശികളില്‍ ഒരേപോലുള്ള ചതവ് കണ്ടെത്തിയിട്ടുണ്ട്. ലാത്തി പോലെ ഉരുണ്ട വസ്തു ഉപയോഗിച്ച് ശക്തമായി പേശികളിലൂടെ ഉരുട്ടിയതാണ് മുറിവുകള്‍ക്കു കാരണമെന്നും റിപോര്‍ട്ടില്‍ പറയുന്നു. മൂന്നാം പേജിലെ 17, 18 ഖണ്ഡികകളിലാണ് ഇക്കാര്യങ്ങളുള്ളത്.
അറസ്റ്റ് ചെയ്ത ഏഴാം തിയ്യതി മുതല്‍ ഒമ്പതാം തിയ്യതി വരെ മൂന്ന് ദിവസവും മര്‍ദനങ്ങളുണ്ടായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് മരണകാരണം കണ്ടെത്താനുള്ള നീക്കവും അന്വേഷണ സംഘം നടത്തുന്നുണ്ട്. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനോട് ഇതുസംബന്ധിച്ച അഭിപ്രായം പോലിസ് തേടിയെന്നാണ് വിവരം. ഇതിനിടെ, വരാപ്പുഴ പോലിസ് സ്റ്റേഷനില്‍ കൊണ്ടുവരുമ്പോഴേ ശ്രീജിത്ത് അവശനായിരുന്നുവെന്ന സാക്ഷിമൊഴി പുറത്തുവന്നു. വരാപ്പുഴ സ്റ്റേഷനില്‍ അപ്പോഴുണ്ടായിരുന്ന വിജുവാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
സെല്ലിനുള്ളിലായിരുന്ന സമയത്ത് വയറിന് വേദനയുണ്ടെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു. എന്തുപറ്റിയതാണെന്ന് ചോദിച്ചപ്പോള്‍ ഉപദ്രവിച്ചതാണെന്നും മറുപടി പറഞ്ഞതായി വിജു വെളിപ്പെടുത്തി. വാസുദേവന്റെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് വിജുവിനെ ആദ്യം കസ്റ്റഡിയിലെടുത്ത പോലിസ് പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതിനിടെ, കസ്റ്റഡിയിലെടുത്ത പോലിസുകാരുടെ മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘത്തെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കി.
അന്വേഷണസംഘം ചോദ്യം ചെയ്ത എസ്പിയുടെ പ്രത്യേക സ്‌ക്വാഡിലെ പോലിസ് ഉദ്യോഗസ്ഥരും വരാപ്പുഴ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നല്‍കിയ മൊഴികളിലെ വൈരുധ്യമാണ് അന്വേഷണത്തെ കുഴയ്ക്കുന്നത്.  ഈ സാഹചര്യത്തില്‍ നുണപരിശോധന അടക്കമുള്ള നടപടികളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. പോലിസുകാരുടെ ഫോണ്‍രേഖകള്‍ അടക്കം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it