ശ്രീജിത്തിന്റെ മരണം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

കൊച്ചി: വീടുകയറി ആക്രമണവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാനുണ്ടായ സാഹചര്യം, ശ്രീജിത്തിന്റെ മരണം എന്നിവയാണ് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നത്.
ഇതിനൊപ്പം വാസുദേവന്റെ വീടാക്രമണവും അദ്ദേഹം ആത്മഹത്യ ചെയ്തതും അന്വേഷിക്കുന്നുണ്ട്. അന്വേഷണ സംഘത്തിലെ ക്രൈം ഡിറ്റാച്ച്‌മെന്റ് എച്ച്എച്ച്ഡബ്ല്യു വിഭാഗം ഡിവൈഎസ്പി ജോര്‍ജ ്‌ചെറിയാന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ആലുവയിലെത്തിയ സംഘാംഗങ്ങള്‍ അന്വേഷണം ആരംഭിക്കുന്നതിനു മുമ്പായി യോഗം ചേര്‍ന്നിരുന്നു.
ഇതിനു ശേഷം വരാപ്പുഴയിലെത്തിയ സംഘം  സ്‌റ്റേഷനിലെത്തി കേസ് ഫയലുകള്‍ പരിശോധിക്കുകയും സംഭവം നടന്ന ദിവസങ്ങളില്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥരില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇതിനു ശേഷം വൈകീട്ടോടെ യാണു മരിച്ച ശ്രീജിത്തിന്റെ വീട്ടില്‍ സംഘമെത്തിയത്.
ശ്രീജിത്തിന്റെ മാതാപിതാക്കള്‍, സഹോദരന്‍,  ഭാര്യ എന്നിവരില്‍ നിന്നു മൊഴിയെടുത്തു. പോലിസിന്റെ മര്‍ദനത്തെ തുടര്‍ന്നാണു ശ്രീജിത്ത് മരിച്ചതെന്നാണു മാതാപിതാക്കളും ഭാര്യയും സഹോദരനും അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരിക്കുന്നതെന്നാണു വിവരം.
വാസുദേവന്റെ വീടാക്രമണ സംഭവത്തില്‍ ശ്രീജിത്തും സജിത്തും നിരപരാധിയാണെന്നും മൊഴിനല്‍കിയതായും അറിയുന്നു.
സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മൂന്നു പോലിസ് ഉദ്യോഗസ്ഥര്‍, മരിച്ച ശ്രീജിത്ത്, ആത്മഹത്യ ചെയ്ത വാസുദേവന്‍ എന്നിവരുടെ വീടിനു സമീപമുള്ളവരില്‍ നിന്നു സംഘം വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് അറിയുന്നത്. അന്വേഷണ ചുമതലയുള്ള ഐജി ശ്രീജിത്ത് ഇന്ന് സ്ഥലത്തെത്തുമെന്നാണ് വിവരം.
Next Story

RELATED STORIES

Share it