Flash News

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സംഘപരിപാര നടപടിയില്‍ ദുരൂഹത

ആലുവ: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ റൂറല്‍ എസ്പിക്കെതിരേ വ്യാപകമായ ആക്ഷേപങ്ങളുയരുമ്പോഴും വിഷയത്തില്‍ ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര സംഘടനകള്‍ തുടരുന്ന മൗനത്തില്‍ ദുരൂഹതയേറുന്നു. കസ്റ്റഡി മരണത്തിന് പിന്നില്‍ ജില്ലാ പോലിസ് സൂപ്രണ്ടിന്റെ സ്വന്തം നിയന്ത്രണത്തിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്)പ്രതിക്കൂട്ടിലാവുകയും, ഇതിനെത്തുടര്‍ന്ന് ആര്‍ടിഎഫ് തന്നെ പിരിച്ചുവിടുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ആര്‍ടിഎഫ് അംഗങ്ങളായ മൂന്ന് പോലിസുകാരെ അറസ്റ്റും ചെയ്തു.
ഇതോടെ ഈകേസില്‍ റൂറല്‍ എസ്പിയുടെ പങ്ക് വ്യക്തമായതിനെ തുടര്‍ന്ന് എസ്പിയുടെ ഫോണ്‍ കോള്‍ അടക്കം അന്വേഷണ സംഘം പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ്പിയുടെ നടപടികള്‍ ഏറെ വിവാദമായതോടെ ഇയാള്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും, കേസില്‍ സജീവമായി രംഗത്തുള്ള ബിജെപി അടക്കമുള്ള സംഘപരിവാര സംഘടനകള്‍ മൗനം പാലിക്കുകയാണ്. പ്രതിപക്ഷ ഭരണപക്ഷ സംഘടനകളടക്കം ഇതിനകം നിരവധി പ്രക്ഷോഭ പരിപാടികള്‍ നടത്തിയെങ്കിലും സംഘപരിവാര സംഘടനകള്‍ റൂറല്‍ എസ്പിക്കെതിരേ ഒരു പ്രസ്താവന നല്‍കാന്‍ പോലും തയ്യാറാവാത്തതാണ് ദൂരൂഹതയേറ്റുന്നത്.
ഇതേസമയം, റൂറല്‍ എസ്പിക്കെതിരെയുള്ള മൗനത്തില്‍ ബിജെപി, യുവമോര്‍ച്ച, ആര്‍എസ്എസ് എന്നിവയില്‍ ചേരിതിരിവിനും കാരണമായിട്ടുണ്ട്. ഒരു വിഭാഗം എസ്പി ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെടുമ്പോള്‍ മറുവിഭാഗം ഇതിനെതിരേ രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് അനുകൂലമായി ഒട്ടേറെ കാര്യങ്ങള്‍ നടപ്പിലാക്കിയ എസ്പിക്കെതിരേ കോലാഹലങ്ങളൊന്നും വേണ്ടെന്ന നിലപാടിലാണ് ആര്‍എസ്എസ്.
കസ്റ്റഡി മരണം നടന്ന വരാപ്പുഴ പോലിസ് സ്‌റ്റേഷന് ഏതാനും വാര മാത്രം അകലേയുള്ള വടക്കേക്കര പോലിസ് സ്‌റ്റേഷനിലടക്കം ലഘുലേഖ വിതരണം നടത്തിയ മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരേ ആര്‍എസ്എസ് നിര്‍ദേശത്തെത്തുടര്‍ന്ന് കേസെടുക്കുകയും, മുജാഹിദ് പ്രവര്‍ത്തകരെ മര്‍ദിച്ച ആര്‍എസ്എസുകാര്‍ക്കെതിരേ കേസെടുക്കാതിരിക്കുകയും ചെയ്ത റൂറല്‍ എസ്പിക്കെതിരേ നടപടി ആവശ്യപ്പെടുന്നത് ശരിയല്ലെന്നായിരുന്നു ഒരു സംഘപരിവാര നേതാവിന്റെ അഭിപ്രായം. എന്നാല്‍, റൂറല്‍ എസ്പിക്കെതിരേ സംഘപരിവാര നേതൃത്വത്തിന്റെ മൗനത്തിനെതിരെ മരണപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളടക്കം പ്രതിഷേധവുമായി ബിജെപി നേതാക്കളെ കണ്ടതായാണ് വിവരം.
Next Story

RELATED STORIES

Share it