Flash News

ശ്രീജിത്തിന്റെ കസ്റ്റഡിമരണം3 പോലിസുകാര്‍ അറസ്റ്റില്‍

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ മൂന്നു പോലിസുകാരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ശ്രീജിത്തിനെ വീട്ടില്‍ നിന്നു കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളായ ജിതിന്‍രാജ്, സന്തോഷ്, സുമേഷ് എന്നിവരെയാണ് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ വൈകീട്ടോടെ അറസ്റ്റ് ചെയ്തത്. കൊലക്കുറ്റമാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നതെന്നാണ് വിവരം. ഇവരെ വൈദ്യപരിശോധനയ്ക്കുശേഷം ഇന്നു കോടതിയില്‍ ഹാജരാക്കും.
പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ ഐജി എസ് ശ്രീജിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസിലെ ആരോപണവിധേയരായ മറ്റുള്ളവരെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ തീരുമാനങ്ങള്‍ പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. കുറ്റക്കാരായ എല്ലാവര്‍ക്കുമെതിരേയും അന്വേഷണമുണ്ടാകും. സത്യസന്ധമായ കുറ്റപത്രമായിരിക്കും കേസില്‍ നല്‍കുകയെന്നും ഐജി പറഞ്ഞു. അറസ്റ്റിലായവരുടെ തിരിച്ചറിയല്‍ പരേഡ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ ഇവരെ ഇപ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ ആലുവ റൂറല്‍ എസ്പിയുടെ മൊഴിയെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന്, അതെല്ലാം പിന്നീട് പറയാമെന്നായിരുന്നു ഐജിയുടെ മറുപടി.
ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിന്റെ നിയന്ത്രണത്തിലായിരുന്നു എആര്‍ ക്യാംപില്‍ നിന്നുള്ള പോലിസുകാരെ ഉള്‍പ്പെടുത്തി ആര്‍ടിഎഫ് പ്രവര്‍ത്തിച്ചിരുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തിന്റെ ആരോപണമുന ആര്‍ടിഎഫ് അംഗങ്ങള്‍ക്കു നേരെ തിരിഞ്ഞതോടെ ഏതാനും ദിവസം മുമ്പ് റൂറല്‍ എസ്പി ആര്‍ടിഎഫ് പിരിച്ചുവിട്ട് അംഗങ്ങളോട് അവരവരുടെ ആസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ നിര്‍ദേശിച്ചിരുന്നു. അതേസമയം, കേസില്‍ വരാപ്പുഴ സിഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക്, വരാപ്പുഴ പോലിസ് സ്‌റ്റേഷനിലെ രണ്ടു പോലിസുകാര്‍ എന്നിവരും പ്രതികളാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ശ്രീജിത്തിന്റെ വീട്ടുകാരുടെയും സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്ന് ആര്‍ടിഎഫ് അംഗങ്ങളെയും ഇന്നലെ വീണ്ടും അന്വേഷണ സംഘം ആലുവ പോലിസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തങ്ങള്‍ ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ലെന്ന മൊഴിയില്‍ ഇവര്‍ ഉറച്ചുനില്‍ക്കുന്നതായാണ് അറിയുന്നത്.
ശ്രീജിത്തിനെ മര്‍ദിച്ചവരില്‍ പ്രധാനികള്‍ ആര്‍ടിഎഫ് അംഗങ്ങളാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ഇതിന് ബലം നല്‍കുന്ന വിധത്തില്‍ ശ്രീജിത്തിന്റെ വീട്ടുകാരില്‍ നിന്നും അയല്‍വാസികളില്‍ നിന്നും അന്വേഷണ സംഘത്തിന് മൊഴികള്‍ ലഭിച്ചിരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് ജീപ്പിലേക്ക് കയറ്റാന്‍ കൊണ്ടുപോവുന്നതിനിടയില്‍ ആര്‍ടിഎഫ് അംഗങ്ങള്‍ മര്‍ദിച്ചുവെന്ന അയല്‍വാസിയുടെ മൊഴിയും പുറത്തുവന്നിട്ടുണ്ട്. അയല്‍വാസിയായ അജിത്താണ് ഇതുസംബന്ധിച്ചു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. തനിക്ക് മര്‍ദനമേറ്റത് പോലിസുകാരില്‍നിന്നാണെന്ന് ശ്രീജിത്ത് എറണാകുളത്തെ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരോട് പറഞ്ഞിരുന്നതായുള്ള വിവരവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ നേരിട്ട് വരാപ്പുഴ പോലിസ് സ്‌റ്റേഷനിലെത്തിക്കുന്നതിനു പകരം വഴിമാറി സഞ്ചരിച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പോലിസ് ജീപ്പിന്റെ ജിപിഎസ് സംവിധാനം പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പോലിസ് വാഹനം സഞ്ചരിച്ചുവെന്നു പറയുന്ന വഴിയിലെ തുണ്ടത്തുംകടവിലുള്ള അനാഥാലയത്തിന്റെ മുന്‍ വശത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി അന്വേഷണ സംഘം ശേഖരിച്ചു.
Next Story

RELATED STORIES

Share it