ശ്രീജിത്തിന്റെ കസ്റ്റഡി മരണംകോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാം: സിബിഐ

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിനെ പോലിസ് കസ്റ്റഡിയില്‍ മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി 26നു വിധി പറയും. നിലവിലെ പ്രത്യേക അന്വേഷണസംഘം കേസ് നല്ലരീതിയില്‍ അന്വേഷിക്കുകയാണെന്നും സിബിഐ അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജിന് കേസുമായി യാതൊരു ബന്ധവുമില്ലെന്നും സര്‍ക്കാര്‍ വാദമുന്നയിച്ചു.
റൂറല്‍ എസ്പി അറിയാതെ ഇങ്ങനെയൊരു സംഭവം നടക്കാന്‍ ഇത് വെള്ളരിക്കാപ്പട്ടണമാണോയെന്ന് കോടതി വാക്കാല്‍ ചോദിച്ചു. റൂറല്‍ എസ്പിക്കു കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഏപ്രില്‍ 6നാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്നും അക്കാര്യം അറിയില്ലെന്ന് എ വി ജോര്‍ജ് പറയുന്നതു ശരിയല്ലെന്നും സിബിഐ നിലപാടെടുത്തു.
ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതു സംബന്ധിച്ച രേഖകള്‍ റൂറല്‍ എസ്പിക്കു വരെ എത്തും. എന്നിട്ടും സംഭവം അറിയില്ലെന്നു പറയുന്നത് ശരിയല്ല. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാവുന്നതാണെന്നും സിബിഐ വ്യക്തമാക്കി.
കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളി. ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയതിനേക്കാള്‍ കൂടുതല്‍ വിവരങ്ങളൊന്നും രാധാകൃഷ്ണനു നല്‍കാനില്ലെന്നും ഇടപെടല്‍ രാഷ്ട്രീയപ്രേരിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഖില നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഏപ്രില്‍ 9നാണ് ശ്രീജിത്ത് പോലിസിന്റെ മര്‍ദനമേറ്റു മരിച്ചത്. കേസിലെ എല്ലാ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
Next Story

RELATED STORIES

Share it