ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ദീപക്കിനെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി/ പറവൂര്‍: വരാപ്പുഴയി ല്‍ ശ്രീജിത്തിനെ മര്‍ദിച്ചു കൊന്ന കേസില്‍  റിമാന്‍ഡില്‍ കഴിയുന്ന വരാപ്പുഴ മുന്‍ എസ്‌ഐ ജി എസ് ദീപക്കിനെ ആറ് ദിവസം പോലിസ് കസ്റ്റഡിയില്‍ വിട്ടു.
ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ദീപക്കിനെ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് രാമു രമേഷ് ചന്ദ്രഭാനുവാണ് ഈ മാസം 30വരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് ദീപക്കിനെ ആലുവ പോലിസ് ക്ലബ്ബില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു വരുകയാണ്. കേസിലെ നാലാം പ്രതിയായ ദീപക്കിനെതിരേ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍ ദീപക്കിനെ വരാപ്പുഴ പോലിസ് സ്റ്റേഷനിലെത്തിച്ച് തെളിവെടുക്കല്‍ നടത്തുകയും ചെയ്യുമെന്നാണ്  അറിയുന്നത്.
അതേസമയം ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരുടെ മൊഴി വീണ്ടും അന്വേഷണ സംഘം രേഖപ്പെടുത്തി. കസ്റ്റഡി മര്‍ദനത്തെക്കുറിച്ച് മാധ്യമങ്ങളോട് അവര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ഇവരുടെ വീടുകളിലെത്തി മൊഴി ശേഖരിച്ചതെന്നാണ് അറിയുന്നത്.
കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന മൂന്ന് റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് ഇന്ന് പരിഗണിച്ചേക്കും. കഴിഞ്ഞദിവസം നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ ജിതിന്‍ രാജ്, സുമേഷ്, സന്തോഷ്‌കുമാര്‍ എന്നിവരെ ശ്രീജിത്തിന്റെ അമ്മയും ഭാര്യയും അടക്കമുള്ള സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. കേസില്‍ സസ്‌പെന്‍ഷനിലായ നോര്‍ത്ത് പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ കഴിഞ്ഞദിവസം വീണ്ടും ചോദ്യം ചെയ്തിരുന്നു. സി ഐ ക്രിസ്പിന്‍ സാമായിരുന്നു ശ്രീജിത്ത് അടക്കമുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. മരിച്ച ശ്രീജിത്തിന്റ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച മെഡിക്കല്‍ സംഘത്തിന്റെ റിപോര്‍ട്ട് രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. വയറിനേറ്റ മര്‍ദനമാണ് ശ്രീജിത്തിന്റെ മരണത്തിനിടയാക്കിയതെന്ന് മെഡിക്കല്‍ ബോര്‍ഡ് പ്രാഥമിക റിപോര്‍ട്ട് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it