ശ്രീജിത്തിനായി സാമൂഹിക രോഷം ശക്തം

തിരുവനന്തപുരം: പോലിസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട സഹോദരന് നീതിതേടി സെക്രട്ടേറിയറ്റിന് മുമ്പില്‍ യുവാവ് നടത്തുന്ന സമരം 764 ദിവസം പിന്നിട്ടതോടെ പ്രതിഷേധം ശക്തമാക്കി സോഷ്യല്‍ മീഡിയ. സിബിഐ ആവശ്യമുന്നയിച്ച് കേന്ദ്രത്തെ വിവരമറിയിക്കാന്‍ കേരളം തയ്യാറാവാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നത്.
അതിനിടെ, സമരം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാതിരിക്കാനുള്ള ജാഗ്രതയുമായി സെക്രട്ടേറിയറ്റില്‍ ശ്രീജിത്തിന്റെ സുഹൃത്തുക്കളും സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാരും സജീവമായി. ശ്രീജിത്തിന് പിന്തുണയുമായി സെക്രട്ടേറിയറ്റ് നടപ്പാതയില്‍ എത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ശ്രീജിത്തിന്റെ സുഹൃത്തുക്കള്‍ കണക്കിന് പരിഹസിച്ചത് ഇതിന്റെ ഭാഗമായാണ്. ഇന്നലെ ഉച്ചതിരിഞ്ഞാണ് സെക്രേട്ടറിയറ്റിന് മുമ്പിലെ ശ്രീജിത്തിന്റെ സമരസ്ഥലത്തേക്ക് ചെന്നിത്തല എത്തിയത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി ആയിരുന്ന കാലത്താണു ശ്രീജിത്തിന്റെ സഹോദരന്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് എന്നതും നീതി ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തിയ സമരത്തെ രമേശ് അവഹേളിച്ചുവെന്നതും സമരപ്പന്തലില്‍ സുഹൃത്ത് വിളിച്ചുപറഞ്ഞു.
ഇതോടെ താന്‍ ആരാണ്? ആവശ്യമില്ലാതെ സംസാരിക്കരുത് എന്ന ഭീഷണിയും പ്രതിപക്ഷനേതാവ് ഉയര്‍ത്തി. അതിനും സുഹൃത്ത് കൃത്യമായ മറുപടി നല്‍കിയതോടെ ചെന്നിത്തല പന്തലില്‍ നിന്ന് മടങ്ങി. സിബിഐ അന്വേഷണത്തിന് വഴങ്ങിയില്ലെങ്കില്‍ നിയമസഹായം നല്‍കാമെന്ന് ഉറപ്പുനല്‍കിയാണ് ചെന്നിത്തല മടങ്ങിയത്. അതേസമയം സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള യുവജന സംഘടനകളുടെ നീക്കത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വ്യാപകമായി. സമരത്തിന് പിന്തുണയായി എത്തിയ എബിവിപിയെയും പിന്തുണയ്ക്കാന്‍ എത്തുമെന്നറിയിച്ച ഡിവൈഎഫ്‌ഐയെയും ട്രോളര്‍മാര്‍ ആഘോഷിച്ചു. കേന്ദ്രസര്‍ക്കാരാണ് സിബിഐ അന്വേഷണത്തെ വേണ്ടെന്നു വച്ചതെന്നും പറഞ്ഞ് എബിവിപിയെ ട്രോളി. ഇതുവരെ കടന്നുവരാതെ ഇനി ക്രെഡിറ്റ് അടിക്കാന്‍ വരേണ്ടെന്നാണ് ഡിവൈഎഫ്‌ഐയോട് ട്രോളര്‍മാര്‍ പറഞ്ഞത്. അതേസമയം, സ്റ്റാന്റ് വിത്ത് ശ്രീജിത്ത്, സപ്പോര്‍ട്ട് ശ്രീജിത്ത് ഹാഷ്ടാഗില്‍ കേരളത്തിലെ സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ രാവിലെ 10മണിക്ക് പ്രതിഷേധം സംഘടിപ്പിക്കും.
അതേസമയം,  ശ്രീജിത്തിന്റെ ആരോഗ്യനില അനുദിനം വഷളാവുന്നതിനാല്‍ സമരം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്ത് നല്‍കി. സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it