Flash News

ശ്രീജയെ അപമാനിച്ചവരെ ശിക്ഷിക്കണം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

തിരുവനന്തപുരം: പൊതുപ്രവര്‍ത്തകയും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീജ നെയ്യാറ്റിന്‍കരയെ സാമൂഹിക മാധ്യമത്തിലൂടെ അശ്ലീലച്ചുവയോടു കൂടി ഹീനമായി അപമാനിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നു മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളത്തില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതാ പ്രവര്‍ത്തകര്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുകയാണ്. മുസ്‌ലിം സ്ത്രീകളെ പരസ്യമായി ബലാല്‍സംഗം ചെയ്യുമെന്നുള്ള ആഹ്വാനം, ദലിത്-ആദിവാസി സ്ത്രീകള്‍ക്കു നേരെയുണ്ടാവുന്ന വംശീയാധിക്ഷേപം, കമല സുരയ്യ, ദീപ നിശാന്ത്, ഡോ. ഹാദിയ, സിന്ധു സൂര്യകുമാര്‍, ഷാനി പ്രഭാകരന്‍ തുടങ്ങിയവര്‍ക്കു നേരെയും ആഭാസകരമായ ലൈംഗിക അധിക്ഷേപങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടന്നിരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ശ്രീജ. നമ്മുടെ ഭരണകൂടവും പോലിസും ഈ വിഷയത്തില്‍ മുമ്പുണ്ടായിട്ടുള്ള കുറ്റകൃത്യങ്ങള്‍ ഗൗരവമായി കണ്ട് ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
സ്ത്രീകള്‍ക്കും വനിതാ പൊതുപ്രവര്‍ത്തകര്‍ക്കും നേരെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് പരാതി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവമായി കണ്ട് കര്‍ശന നടപടി കൈക്കൊള്ളണമെന്നും കെ കെ റൈഹാനത്ത് ടീച്ചര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it