Flash News

ശ്മശാനത്തില്‍ വളരുന്ന ജര്‍മന്‍ ഇറിഷ് പൂക്കള്‍

ശ്മശാനത്തില്‍ വളരുന്ന ജര്‍മന്‍ ഇറിഷ് പൂക്കള്‍
X
ചോരപുരണ്ട പോപ്ലാര്‍ തൈകള്‍ – 10


കെ എ സലിം

ഷീറിലേക്കുള്ള യാത്രയില്‍ അഫ്രോസ് കുന്നുകള്‍ക്കു പിന്നില്‍ അസ്തമിക്കുന്ന സൂര്യനെക്കുറിച്ചും മലനിരകളെ നിശ്ശബ്ദം ആവരണം ചെയ്യുന്ന കുളിരുള്ള നീലിമയെക്കുറിച്ചും പറഞ്ഞു. പൈനുകള്‍ നിറഞ്ഞ കുന്നുകള്‍ക്കടിയില്‍ നെല്‍വയലുകള്‍ നിറഞ്ഞ താഴ്‌വാരമാണു ഷീര്‍. മഞ്ഞുകാലങ്ങളില്‍ വിശന്നുവലഞ്ഞ ചെന്നായ്ക്കള്‍ മലയിറങ്ങി വരും. വസന്തത്തിനു മുമ്പെ പൂക്കള്‍ വിരിഞ്ഞ സുന്ദരമായ ഗ്രാമത്തിലെ കുന്നുകള്‍ക്കിടയിലെ പൊടിയണിഞ്ഞ റോഡിലൂടെ ഓര്‍മകളുടെ പച്ചപ്പിലേക്കായിരുന്നു ആഫ്രോസ് വാഹനമോടിച്ചു കൊണ്ടിരുന്നത്. അതാണു നസീര്‍ അഹമ്മദ് മിറിന്റെ വീട്.

[caption id="attachment_429407" align="alignnone" width="560"] ആത്തിഖ ബീഗം ഭര്‍ത്താവ് നസീര്‍ അഹമ്മദ് മീറിന്റെ ചിത്രവുമായി[/caption]

വയല്‍ക്കരയിലെ ഇരുമ്പുപാളികള്‍ ചേ ര്‍ത്തുവച്ച മറയ്ക്കപ്പുറത്തെ ചെറിയൊരു ഗ്രാമത്തിലേക്കു ചൂണ്ടി അയാള്‍ പറഞ്ഞു. മനോഹരമായ പൂന്തോട്ടത്തിനു നടുവിലെ കുഞ്ഞുവീട്ടില്‍ നസീര്‍ അഹമ്മദിന്റെ ഭാര്യ 55കാരിയായ ആത്തിഖ ബീഗമുണ്ടായിരുന്നു. 1990 മെയ് 28നു സൈന്യം പിടിച്ചുകൊണ്ടു പോയതാണ് നസീറിനെ. പിന്നെ അയാള്‍ തിരിച്ചുവന്നില്ല. വൈദ്യുതി ഡിപാര്‍ട്ടുമെന്റിലെ ജീവനക്കാരനായിരുന്നു നസീര്‍. 16 ദോഗ്ര യൂനിറ്റ് രാംപര്‍ ബ്രിഗേഡിലെ സൈനികര്‍ നസീറിനെ തേടിവരുമ്പോള്‍ നസീര്‍ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യവീട്ടിലേക്കു വിരുന്നുപോയതായിരുന്നു അയാള്‍. സൈന്യം അയാളെത്തേടി അവിടെയുമെത്തി.

തന്റെ കണ്‍മുന്നില്‍ അവരവനെ വലിച്ചിഴച്ചാണു കൊണ്ടുപോയതെന്ന് ആത്തിഖ പറഞ്ഞു. വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാത്ത അവനെ തോക്കു കൊണ്ട് ഇടിച്ചുകയറ്റി. അന്നേദിവസം തന്നെ ഗ്രാമത്തില്‍ മൂന്നുപേരെക്കൂടി സൈന്യം കൊണ്ടുപോയിരുന്നു. അവര്‍ കുറച്ചു ദിവസത്തിനു ശേഷം തിരിച്ചെത്തി. നസീറും അതുപോലെ വരുമെന്നു കരുതി.
നാലു മക്കളായിരുന്നു ഞങ്ങള്‍ക്ക്. മൂത്തകുട്ടിക്ക് ഏഴും ഇളയകുട്ടിക്ക് മൂന്നും വയസ്സു പ്രായം. അവര്‍ക്കൊപ്പം താഴ്‌വരയിലെ മറ്റു കുടുംബങ്ങളെപ്പോലെ ആത്തിഖയും നസീറിനെ തേടി നടന്നു. പോലിസ് സ്റ്റേഷനില്‍, പരിസരത്തെ സൈനിക ബാരക്കുകളില്‍, ഉദംപൂരിലെ സൈനിക ക്യാംപില്‍, ജമ്മുവിലെ ജയിലില്‍... അങ്ങനെ വര്‍ഷങ്ങള്‍. ദുരിതങ്ങളുടെ കാലമായിരുന്നു അത്. നാട്ടുകാരില്‍ ചിലര്‍ സഹായിച്ചു. ബന്ധുക്കളില്‍ ചിലര്‍ കൂടെ നിന്നു. മറ്റു ചിലര്‍ അകന്നു.

ഞാന്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ എന്റെ പിതാവ് അബ്ദുല്‍ അഹ്ദാദ് നസീറിനെത്തേടിപ്പോകും. നടക്കാന്‍ കഴിയാതാവുന്നതു വരെ അദ്ദേഹം അതു തുടര്‍ന്നു. ഇതിനിടെ മനുഷ്യവകാശ പ്രവര്‍ത്തകര്‍ കോടതിയില്‍ കേസുമായി മുന്നോട്ടുപോയി. കോടതി ഒരു ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം വിധിച്ചു. എന്നാല്‍ അതു പോലും കിട്ടിയില്ല. ഇപ്പോള്‍ മക്കള്‍ വളര്‍ന്നു. മകന്‍ ജോലിക്കു പോവുന്നു. നസീര്‍ ജോലി ചെയ്തിരുന്ന വൈദ്യുതി വകുപ്പില്‍ തന്നെയാണ് അവനും ജോലി. നസീറിനെന്ത് പറ്റിയെന്നു മരിക്കുന്നതിനു മുമ്പൊരിക്കലെങ്കിലും എനിക്കറിയണം. അവരവനെ കൊന്നുകളഞ്ഞെങ്കില്‍ ആ ഖബറിനരികില്‍ ചെന്നു പ്രാര്‍ഥിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ആത്തിഖയുടെ കവിളിലൂടെ കണ്ണീരൊഴുകിക്കൊണ്ടിരുന്നു.

മടങ്ങുമ്പോള്‍ അഫ്രോസ് ഒന്നും പറയുന്നുണ്ടായിരുന്നില്ല. പാതി പറഞ്ഞുനിര്‍ത്തിയ കുട്ടിക്കാലത്തെ കഥകള്‍ അയാള്‍ മറന്നുപോയിരുന്നു. ചിനാര്‍ മരങ്ങള്‍ക്കിടയിലെ കല്ലുകള്‍ നിറഞ്ഞ മണ്‍റോഡിലൂടെ അയാള്‍ മനസ്സംഘര്‍ഷത്തെ കുലുക്കിയെറിയാനെന്ന മട്ടില്‍ വേഗത്തില്‍ വണ്ടിയോടിച്ചു. ഷീറുകാരന്‍ തന്നെയാണ്് അഫ്രോസ്. എന്നാല്‍ ആത്തിഖയെക്കുറിച്ചു ഞാന്‍ പറയും വരെ അയാള്‍ക്കറിയില്ലായിരുന്നു. പ്രിയപ്പെട്ടവരെ മറവിയുടെ ശ്മശാനങ്ങള്‍ക്കു വിട്ടുകൊടുക്കാത്ത ആയിരക്കണക്കിന് അര്‍ധ വിധവകളും അര്‍ധമാതാക്കളുമുണ്ട് കശ്മീരില്‍. അവര്‍ക്കോരോരുത്തര്‍ക്കും പറഞ്ഞു തീര്‍ക്കാനാവാത്ത കഥകളുണ്ട്.

കുപ്‌വാര സച്ചാല്‍ദാരയിലെ 16കാരിയുടെ കഥ മറ്റൊന്നാണ്. സ്‌കൂളില്‍ വച്ച് പോലിസ് തട്ടിക്കൊണ്ടു വരികയായിരുന്നു അവളെ. 2004 ജൂണ്‍ മൂന്നിനായിരുന്നു അത്. അവളുടെ അര്‍ധസഹോദരന്‍ അബ്ദുല്‍ ഖയ്യൂം ഭട്ട് മുഷ്താഖ് അഹമ്മദ് വാനി കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായിരുന്നു. സച്ചാല്‍ദാരയിലെ പോലിസ് പോസ്റ്റില്‍ അവളെ മൂന്നു മണിക്കൂര്‍ നിര്‍ത്തി. കോണ്‍സ്റ്റബിള്‍മാരായ പര്‍വീന, ഹലീമ എന്നിവര്‍ ലാത്തി കൊണ്ട് അവളെ ക്രൂരമായി മര്‍ദിച്ചു. അവളുടെ ശരീരത്തില്‍ അടിയേല്‍ക്കാത്ത ഒരു സ്ഥലം പോലുമുണ്ടായിരുന്നില്ല.

അല്‍പം കഴിഞ്ഞപ്പോള്‍ ഡിഎസ്പി അല്‍ത്താഫ് അഹമ്മദ് ഖാന്‍ അവിടെയെത്തി. പിന്നെ അയാളായി മര്‍ദനം. അയാള്‍ അവളുടെ യൂനിഫോം വലിച്ചു കീറി. അവളെയെടുത്തു നിലത്തേക്കെറിഞ്ഞു. വെള്ളം ചോദിച്ചപ്പോള്‍ ഉപ്പും മുളകും കലക്കിയ വെള്ളം ബലമായി കുടിപ്പിച്ചു. അവളുടെ കാലില്‍ വലിയ റോളര്‍ വച്ച് ഉരുട്ടി. വേദന സഹിക്കാന്‍ കഴിയാതെ അലറിക്കരഞ്ഞ അവള്‍ അഫ്താബിന്റെ മുഖത്തു തുപ്പി. കുപിതനായ അയാള്‍ അവളുടെ വയറ്റില്‍ച്ചവിട്ടി. തെറിച്ചു വീണ അവള്‍ക്കു ബോധം നഷ്്ടപ്പെട്ടിരുന്നു. ബോധം തെളിയുമ്പോള്‍ അവളുടെ രഹസ്യഭാഗങ്ങളില്‍ നിന്ന് ചോര വരുന്നുണ്ടായിരുന്നു.

അബോധാവസ്ഥയില്‍ അവളെ അയാള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തിരുന്നു. 50 ദിവസമാണ് അവള്‍ക്ക് ആശുപത്രിയില്‍ കഴിയേണ്ടിവന്നത്. തുടര്‍ച്ചയായ സര്‍ജറിക്ക് വിധേയയായി. പഴുപ്പ് ബാധിച്ചതിനാല്‍ അവളുടെ ഗര്‍ഭപാത്രം നീക്കംചെയ്തു. തുടര്‍ന്ന് ഹാങ്ദ്വാര പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണവും നടന്നു. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണവും നടത്തി. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം വിധിക്കുകയും പ്രതികള്‍ക്കെതിരേ കേസ് തുടരാന്‍ ഉത്തരവിടുകയും ചെയ്തു. പക്ഷേ, കേസ് തുടര്‍ന്നില്ല; ശിക്ഷയുമുണ്ടായില്ല. കശ്മീരിലെ മറ്റനേകം കേസുകള്‍ പോലെ അതും ശൂന്യതയില്‍ ലയിച്ചു.

ഷീറില്‍ നിന്ന് തിരികെ ശ്രീനഗറിലെത്തുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. രാത്രിയില്‍ നഗരം ശൂന്യമാണ്. പുലര്‍ച്ചെ ദാല്‍ തടാകത്തിനു മുകളില്‍ ആകാശം വീണ്ടും തെളിഞ്ഞു നിന്നു. ദൂരെ നിന്ന് പൂക്കള്‍ നിറച്ച ഷിക്കാറ തുഴഞ്ഞ് അലാം യൂസുഫ് വരുന്നുണ്ടായിരുന്നു. ദാല്‍ തടാകത്തില്‍ പൂക്കളും പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്നയാളാണയാള്‍. എങ്ങോട്ടാണ്... അലാം യൂസുഫ് ചോദിച്ചു. തടാകത്തിനപ്പുറത്തേക്ക്. ഷിക്കാറയുടെ അറ്റത്ത് അയാള്‍ എനിക്കായി ഇരിപ്പിടമൊരുക്കി. അലാം പതുക്കെ മൂളിപ്പാട്ട് പാടി ഷിക്കാറ തുഴഞ്ഞു. ദാലിനു ചുറ്റും പൂന്തോട്ടങ്ങളും മലനിരകളുമാണ്.

അടുത്തു ചെല്ലുന്തോറും മലകള്‍ റഷ്യന്‍ കഥകളിലെ മാന്ത്രികക്കൂണു പോലെ വലുതായിക്കൊണ്ടിരുന്നു. കടവുകളിലും ദാലിലെ ഫ്‌ളോട്ടിങ് മാര്‍ക്കറ്റിന്റെ ഇടവഴികളിലും ആള്‍ക്കാര്‍ അയാള്‍ക്കു വേണ്ടി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ അവര്‍ക്ക് പൂക്കള്‍ വിറ്റു. ബള്‍ഗേറിയന്‍ പോണ്ടികം, ടുലിപ്, കലാവയോത്ത്, വിരിക്കിയോം, വസന്തത്തില്‍ മാത്രം വിരിയുന്ന യെംബര്‍സല്‍ അയാള്‍ പൂക്കളുടെ പേരുകള്‍ പറഞ്ഞുതന്നു. കുളക്കോഴികളും മീനുകളും നിറഞ്ഞ തടാകത്തിനപ്പുറത്താണ് അയാള്‍ ഈ മധുരമണമുള്ള പൂക്കള്‍ വിരിയിക്കുന്നത്.

ഒഴുകുന്ന മാര്‍ക്കറ്റിലെ കടകളിലൊന്നില്‍ ഞങ്ങള്‍ കശ്മീരി റൊട്ടിയും കഹ്‌വയും കഴിച്ചു. എനിക്കായി റൊട്ടിയില്‍ വെണ്ണ പുരട്ടിത്തരുമ്പോഴും അയാള്‍ പാടുകയായിരുന്നു. സുന്ദരമായ പുലരിയിലാണ്് അയാളുടെ ഓരോ ദിവസവും തുടങ്ങുന്നത്. തടാകത്തിനപ്പുറത്തെ സ്വര്‍ണനിറമാര്‍ന്ന വൈകുന്നേരങ്ങളിലാണ്് അത് അസ്തമിക്കുന്നത്. എങ്ങോട്ടാണ് അവരീ പൂക്കളെല്ലാം വാങ്ങിക്കൊണ്ടു പോവുന്നത്. ഞാന്‍ അയാളോട് ചോദിച്ചു. അലാം ചെറുപുഞ്ചിരിയോടെ ഒരു കെട്ട് പൂക്കള്‍ എനിക്കു വാരിത്തന്നു. അതില്‍ ശ്മശാനത്തില്‍ വളരുന്ന ജര്‍മന്‍ ഇറിഷ് പൂക്കളുമുണ്ടായിരുന്നു.

(അവസാനിച്ചു)

Next Story

RELATED STORIES

Share it