World

ശൈത്യകാല ഒളിംപിക്‌സ്ഉത്തര കൊറിയന്‍ കായികതാരങ്ങള്‍ പങ്കെടുക്കും

സോള്‍: അടുത്തമാസം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സിന് ഉത്തര കൊറിയ കായികതാരങ്ങളെ അയക്കും. ഒളിംപിക്‌സില്‍ അത്‌ലറ്റുകളെ കൂടാതെ ഉന്നത ഉദ്യോഗസ്ഥരും കലാകാരന്മാരടങ്ങുന്ന ചിയര്‍ സംഘത്തെയും അയക്കും. രണ്ടുവര്‍ഷത്തിനു ശേഷം ഇന്നലെ നടന്ന ദക്ഷിണ കൊറിയ -ഉത്തര കൊറിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ദക്ഷിണ കൊറിയന്‍ മന്ത്രി ചോ മ്യോംഗ് ഗ്യോനും ഉത്തര കൊറിയന്‍ മന്ത്രി റി സോണ്‍ വോണും ആണ് ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയത്. ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക ചര്‍ച്ചയ്ക്കും അവസരമൊരുങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം.ശൈത്യകാല ഒളിംപിക്‌സില്‍ ഉത്തര കൊറിയയുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ യുഎന്‍ രക്ഷാസമിതിയോടും മറ്റു രാജ്യങ്ങളോടും സംസാരിച്ചു വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നു ദക്ഷിണ കൊറിയ അറിയിച്ചതായാണ് വിവരം. പ്രതിനിധി സംഘത്തെ രജിസ്റ്റര്‍ ചെയ്യാനായി ഐഒസി (ഇന്റര്‍നാഷനല്‍ ഒളിംപിക് കൗണ്‍സില്‍) അനുവദിച്ച അവസാന തിയ്യതിയായ ഒക്ടോബര്‍ 31ന് ഉത്തര കൊറിയ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതേസമയം, ഇപ്പോള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ഉത്തര കൊറിയന്‍ താരങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നാണ് ഐഒസി പറയുന്നത്.അടുത്തമാസം ദക്ഷിണ കൊറിയയിലെ പ്യോങ്ചാങില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സില്‍ പങ്കാളിയാവാന്‍ ഉത്തര കൊറിയ താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കൊറിയന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്. ഉത്തര കൊറിയയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ദക്ഷിണ കൊറിയ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കം ചെയ്യാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് ചര്‍ച്ച നല്‍കുന്നത്. ഉത്തര കൊറിയയുടെ അണ്വായുധ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും ലോകരാജ്യങ്ങളുടെ വിമര്‍ശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് ഉത്തര കൊറിയക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. എട്ടു വര്‍ഷത്തിനു ശേഷമാണ് ഉത്തര കൊറിയ ശൈത്യകാല ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്.
Next Story

RELATED STORIES

Share it