kannur local

ശൂന്യ ബജറ്റെന്ന് പ്രതിപക്ഷം; ചര്‍ച്ചയ്ക്കിടെ വാക്കേറ്റവും ബഹളവും

കണ്ണൂര്‍: കോര്‍പറേഷനില്‍ അവതരിപ്പിച്ചത് ശൂന്യമായ ബജറ്റാണെന്നും പഴയ പദ്ധതികള്‍ പേരുമാറ്റി ആവര്‍ത്തിച്ചപ്പോ ഴും കഴിഞ്ഞ വര്‍ഷം നടപ്പാക്കിയിട്ടില്ലെന്ന് വിസ്മരിക്കുകയാണെന്നും പ്രതിപക്ഷം. അതേസമയം, പരിമിത വിഭവങ്ങളില്‍ നിന്നുകൊണ്ടുള്ള യാഥാര്‍ഥ്യ ബോധ്യമുള്ള ബജറ്റാണെന്നു ഭരണപക്ഷം അഭിപ്രായപ്പെട്ടു. ബജറ്റ് അവതരണത്തിനുശേഷം മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കിടെ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിന്റെ മറുപടി പ്രസംഗത്തിനിടെ രൂക്ഷമായ വാക്കേറ്റവും ബഹളമുണ്ടായി.
മുന്‍ പദ്ധതികള്‍ പൂര്‍ണമായും നടപ്പാവാത്തതിനു കാരണം വികസന സ്ഥിരം സമിതി അധ്യക്ഷന്‍മാരുടെ കഴിവുകേടാണെന്ന ഒളിയമ്പാണ് പ്രശ്‌നത്തിനിടയാക്കിയത്. ഇരുവിഭാഗവും എഴുന്നേറ്റതോടെ കോര്‍പറേഷന്റെ മൂന്നാംബജറ്റ് ചര്‍ച്ച ബഹളത്തില്‍ മുങ്ങി. കഴിഞ്ഞ വര്‍ഷത്തെ പദ്ധതികളില്‍ എത്രയെണ്ണം പൂര്‍ത്തിയാക്കാനായെന്നു പുനര്‍വിചിന്തനം നടത്തണമെന്ന മുഖവുരയോടെ സി സമീറാണ് ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. മഹാന്‍മാരുടെ മൊഴികള്‍ മാറ്റിയെന്നല്ലാതെ ആവര്‍ത്തനം മാത്രമാണിത്. 30 കോടിയോളം രൂപ ബാങ്കുകളിലുള്ള വലിയ മുതലാളിയാണ് കോര്‍പറേഷന്‍. ഈ തുക ബാങ്കില്‍ സ്ഥിരനിക്ഷേപമാക്കുന്നതിനു പകരം ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം. കാംപസാറിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ്, പഴയ ബസ് സ്റ്റാന്റിലെ സൂപര്‍മാള്‍ തുടങ്ങിയ വന്‍ പദ്ധതികളൊന്നിലും കാര്യമായ ചലനമുണ്ടാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിനെ പൂര്‍ണമായും പിന്താങ്ങിക്കൊണ്ട് സിപിഎമ്മിലെ എന്‍ പി ബാലകൃഷ്ണനാണ് ആദ്യം രംഗത്തെത്തിയത്. അനുഭവ സമ്പത്ത് ഏറെയുള്ള വിദഗ്ധനായ പി കെ രാഗേഷിന് എന്തു പറ്റിയെന്നായിരുന്നു പ്രതിപക്ഷത്തെ സുമാബാലകൃഷ്ണന്റെ ചോദ്യം. കഴിഞ്ഞ ബജറ്റില്‍ സ്ത്രീസൗഹൃദ പദ്ധതികളുള്ളതു കാരണം ഏറെ സന്തോഷത്തോടെയാണു സ്വീകരിച്ചത്. എന്നാല്‍ പദ്ധതികളൊന്നും യാഥാര്‍ഥ്യമായില്ല.
മദ്യമൊഴുക്കാന്‍ സര്‍ക്കാരും ലഹരി വിമുക്തിക്കായി കോര്‍പറേഷനും രംഗത്തു വരുന്നത് അധരവ്യായാമമാണെന്നും അവര്‍ തുറന്നടിച്ചു. ഗ്രാമങ്ങളെ പരിഗണിക്കുന്നില്ലെന്നും പ്രധാന കവലകളിലെല്ലാം സൂര്യതേജസ് പദ്ധതി നടപ്പാക്കണമെന്നും സി എറമുള്ളാന്‍ പറഞ്ഞു. അതേസമയം, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായ കോണ്‍ഗ്രസ് പ്രതിനിധി തന്റെ കീഴിലുള്ള പദ്ധതികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയതിനു അഭിനന്ദിച്ചു.
കഴിഞ്ഞ വര്‍ഷം കോടികളുടെ കണക്കാണ് അവതരിപ്പിച്ചതെങ്കില്‍ ഇക്കുറി ലക്ഷങ്ങളുടെ മാത്രമാണെന്നും മേയര്‍ക്കു പോലും ഇതില്‍ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നു തോന്നിയെന്നും ടി ഒ മോഹനന്‍ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ തവണത്തെ ബജറ്റിനെ എതിര്‍ത്തവര്‍ ഇപ്പോള്‍ അതിനെ അംഗീകരിക്കുന്ന വിചിത്രമായ അനുഭവമാണുള്ളതെന്ന് സിപിഎമ്മിലെ സഹദേവന്‍ പറഞ്ഞു. സര്‍വസ്പര്‍ശിയായ ബജറ്റാണിതെന്ന് സിപിഐ പ്രതിനിധി വെള്ളോറ രാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it