ശുഹൈബ് വധം: സിപിഎമ്മിന് ആശ്വാസം

കണ്ണൂര്‍: ശുഹൈബ് വധവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തതു സിപിഎമ്മിനും സര്‍ക്കാരിനും താല്‍ക്കാലിക ആശ്വാസംമായി.
കൊലപാതകം നടന്ന് ഇന്നലെ ഒരു മാസം പൂര്‍ത്തിയായിരിക്കെയാണ് അന്വേഷണം ശക്തമായ നിയമ പോരാട്ടത്തിലേക്കു വഴിതിരിയുന്നത്. ശുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹരജിയിലാണു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞയാഴ്ച രൂക്ഷമായ ഭാഷയില്‍ സിപിഎമ്മിനെ പഴിച്ച് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനിടെ പോലിസ് വളരെ വേഗത്തില്‍ കേസിലെ മറ്റു പ്രതികളെ പിടികൂടുകയും ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്നു സിബിഐ അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതി ഫുള്‍ ബെഞ്ചിന് നിവേദനം നല്‍കി.
അവസാനം കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട നാലു പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി തല്‍ക്കാലം തടിയൂരുകയും ചെയ്തു. സിബിഐ വന്നാല്‍ ജില്ലയിലെ ചില ഉന്നതരായ നേതാക്കള്‍ പ്രതിപ്പട്ടികയിലാവുമെന്ന ഭയവും പാര്‍ട്ടിയെ പിന്‍തുടര്‍ന്നു. ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമെന്നത് കോണ്‍ഗ്രസ്സിന്റെ അജണ്ടയില്‍ ആദ്യമുണ്ടായിരുന്നില്ല. സര്‍വകക്ഷി യോഗത്തിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും നിയമ മന്ത്രി എ കെ ബാലന്‍ ഇതുസംബന്ധിച്ച് വാക്കാല്‍ ഉറപ്പുനല്‍കിയതാണ് കോണ്‍ഗ്രസ്സിന് പിടിവള്ളിയായത്.
സ്വാഭാവികമായും യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന ആവശ്യത്തില്‍ നിന്നു മാറി സിബിഐ അന്വേഷണം വേണമെന്ന ശാഠ്യത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. അവസാനം കെ സുധാകരന്റെ കടുത്ത സമ്മര്‍ദത്തിന്് കെപിസിസിക്ക് വഴങ്ങേണ്ടിവന്നു. അതേസമയം ഇന്നലത്തെ ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ് സര്‍ക്കാരിനും സിപിഎമ്മിനും അനുകൂലമായി.
അതിനാല്‍ സ്റ്റേക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നു കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. ഹരജിയില്‍ ഈ മാസം 23നു കോടതി വീണ്ടും വാദംകേള്‍ക്കുന്നുണ്ട്. അതേസമയം, സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. സിബിഐ അന്വേഷണത്തിനെതിരേ  അപ്പീ ല്‍ നല്‍കിയ സര്‍ക്കാരിന്റെ നടപടി ശുഹൈബിനേറ്റ 42ാമത്തെ വെട്ടാണെന്ന്  ഹസന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it