kannur local

ശുഹൈബ് വധം: ഗൂഢാലോചനാക്കുറ്റം ഒഴിവാക്കിയതിനെതിരേ കോണ്‍ഗ്രസ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറി ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പോലിസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കുറ്റപ്പെടുത്തി. ഗൂഢാലോചനയില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ടതായി വ്യാപക പരാതിയുണ്ടായിരുന്നു.
അന്വേഷണം തുടരാന്‍ പോലിസിന് സുപ്രിംകോടതിയില്‍നിന്ന് നിര്‍ദേശം ലഭിച്ചിട്ടു പോലും തുടരന്വേഷണം ഫലപ്രദമായി നടത്തുന്നില്ല. വധഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവരെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ഉന്നത സിപിഎം നേതാക്കളെ രക്ഷിക്കാന്‍ അവര്‍ക്ക് ദാസ്യവേല ചെയ്യുകയാണ് പോലിസ്. ഒരു പ്രാദേശിക നേതാവിനെപ്പോലും ചോദ്യംചെയ്യാന്‍ തയ്യാറായിട്ടില്ല. ആകാശ് തില്ലങ്കേരിയെ ഒന്നാംപ്രതിയാക്കിയുള്ള കുറ്റപത്രത്തില്‍ പ്രതികളെ രക്ഷിക്കാന്‍ നിയമപരമായ പഴുതുകള്‍ സൃഷ്ടിക്കാനുള്ള ശ്രമവും പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. 8000 പേജുള്ള അനുബന്ധരേഖകളും കുറ്റപത്രത്തോടൊപ്പം നല്‍കിയ പോലിസ്, എന്തിനാണ് ഗൂഢാലോചന ഒഴിവാക്കിയ ഭാഗം കോടതിയില്‍ സമര്‍പ്പിച്ചതെന്ന് വ്യക്തമാക്കണം. വലിയ രാഷ്ട്രീയസംഘര്‍ഷത്തിന് ഇടയാവാത്ത പ്രദേശത്ത് കൊലപാതകം നടന്നിട്ടും സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷമാണ് കൊലയ്ക്ക് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നത് ബോധപൂര്‍വമാണ്. ഭരണത്തിന്റെ തണലില്‍ നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി കേസില്‍നിന്ന് രക്ഷപ്പെടാന്‍ പോലിസിനെ ഉപയോഗിക്കുന്ന സിപിഎം ശൈലി പൊതു സമൂഹം തിരിച്ചറിയും. ഭരണകക്ഷിക്ക് വിധേയരായി പോലിസ് പ്രവര്‍ത്തിക്കുന്നത് നാടിന്റെ നിയമപരിപാലനം അപകടത്തിലാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
Next Story

RELATED STORIES

Share it