ശുഹൈബ് വധം : കൂടുതല്‍ നേതാക്കള്‍ക്ക് പങ്കെന്നു സൂചന

കണ്ണൂര്‍/തിരുവനന്തപുരം:  ശുഹൈബ് വധക്കേസില്‍ കൊലയാളികള്‍ക്ക് സഹായം ചെയ്തതില്‍ കൂടുതല്‍ പ്രാദേശിക എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് പങ്കുള്ളതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. മട്ടന്നൂര്‍, പാലയോട്,  മരുതായി, അയ്യല്ലൂര്‍ മേഖലയിലെ പ്രാദേശിക നേതാക്കളാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ചിലര്‍ ഒളിവിലാണ്.
അതേസമയം, ശുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലിസ് കണ്ടെടുത്തുവെന്നു പറയുന്ന വാളുകള്‍ കൊല്ലാന്‍ ഉപയോഗിച്ച യഥാര്‍ഥ ആയുധമല്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരന്‍ പറഞ്ഞു.  മട്ടന്നൂര്‍ വെള്ളിയാംപറമ്പിലെ ചെങ്കല്ല് ക്വാറിയില്‍ നിന്നു കണ്ടെടുത്ത മൂന്നു വാളും കൊലപാതകത്തിന് ഉപയോഗിച്ച യഥാര്‍ഥ ആയുധമാണോ അല്ലേ എന്നു സാക്ഷ്യപ്പെടുത്തേണ്ടത് പ്രതികളാണ്. എന്നാല്‍ അതുണ്ടായില്ല. ശുഹൈബിന്റെ കാലിലെ വെട്ടുകള്‍ കണ്ടാല്‍ തന്നെ അതു മനസ്സിലാകും, വാളു കൊണ്ടല്ലെന്ന്. വാളുപയോഗിച്ചാല്‍ എല്ലടക്കം മുറിയും. എന്നാല്‍ അടുത്തിരുന്ന് വെട്ടി കാലിന്റെ മാംസം വേറെത്തന്നെ എടുക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ അത് നീളമുള്ള ആയുധം ഉപയോഗിച്ചാവില്ല. നീളം കുറഞ്ഞ ചെറിയ മഴു പോലുള്ള ആയുധമായിരിക്കാം. ശുഹൈബിന്റെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടു പേരെയും ആക്രമിച്ചത് വാളുപയോഗിച്ചാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുമ്പോള്‍ സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും പിണറായി വിജയനില്‍ നിന്നു കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഏത് അന്വേഷണവും ആവാമെന്നു സമാധാനയോഗത്തില്‍ പറഞ്ഞ മന്ത്രിയുടെ വാക്കിനു പഴയ ചാക്കിന്റെ വിലയാണ്.
തന്നെ ക്രിമിനലായി നിയമസഭയില്‍ ചിത്രീകരിക്കാന്‍ മുഖ്യമന്ത്രി കണ്ടെത്തിയത് കണ്ണൂര്‍ ജില്ലയില്‍ താന്‍ ഡിസിസി പ്രസിഡന്റാവുമ്പോള്‍ നടത്തിയ നാല് അക്രമസംഭവങ്ങള്‍ മാത്രമാണ്. ഈ സംഭവങ്ങളെല്ലാം തിരിച്ചടികള്‍ മാത്രമായിരുന്നു.
നിയമസഭയുടെ മാന്യതയ്ക്കും അന്തസ്സത്തയ്ക്കും ചേര്‍ന്നതല്ല പിണറായി വിജയന്റെ പ്രസ്താവന. അതുകൊണ്ട് ഇത് പിന്‍വലിച്ച് നിയമസഭയോട് മാപ്പു പറയണമെന്നും സുധാകരന്‍ പറഞ്ഞു. ശുഹൈബിന്റെ മരണം സിബിഐ അന്വേഷിക്കുക, കേരളത്തിലെ അരുംകൊലകള്‍ അവസാനിപ്പിക്കുക, വിലക്കയറ്റം പിടിച്ചുനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് 140 നിയോജകമണ്ഡലങ്ങളിലും നാളെ രാപകല്‍ സമരം നടത്തും. രാവിലെ ആരംഭിക്കുന്ന സമരം 4നു രാവിലെ സമാപിക്കും.
Next Story

RELATED STORIES

Share it