ശുഹൈബ് വധം: അന്വേഷണം ജയിലില്‍ നിന്ന് ഇറങ്ങിയവരെ കേന്ദ്രീകരിച്ച്‌

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജയിലില്‍ നിന്ന് ഇറങ്ങിയവരെ കേന്ദ്രീകരിച്ച് അന്വേഷണം. മട്ടന്നൂര്‍ മേഖലയില്‍ ഈയിടെയുണ്ടായ രാഷ്ട്രീയസംഘര്‍ഷവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായശേഷം ജയിലില്‍ നിന്ന് ഇറങ്ങിയ സിപിഎം, സിഐടിയു പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സിപിഎം-മുസ്‌ലിംലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സിപിഎം പ്രവര്‍ത്തകരില്‍ ചിലര്‍ സംഭവശേഷം ഒളിവില്‍പ്പോയതും സംശയത്തിന് ബലമേകുന്നു. ഇതേത്തുടര്‍ന്ന് റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയവരുടെ ജാമ്യം റദ്ദാക്കാനും പോലിസ് ആലോചിക്കുന്നുണ്ട്. ഇതിനാവശ്യമായ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയതായാണു വിവരം.
മട്ടന്നൂരിലെ ലീഗ്-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടു സിപിഎം പ്രവര്‍ത്തകരെയാണ് റിമാന്‍ഡ് ചെയ്തിരുന്നത്. ഇവര്‍ ജാമ്യത്തിലിറങ്ങിയിട്ട് ദിവസങ്ങളേ ആയുള്ളൂ. എടയന്നൂര്‍ സ്‌കൂളില്‍ നടന്ന എസ്എഫ്‌ഐ-കെഎസ്‌യു സംഘട്ടനവും തുടര്‍ന്ന് സിഐടിയു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതും കൂടാതെ, ശുഹൈബ് കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ കഴിയുന്നതിനിടെയുണ്ടായ തര്‍ക്കവും കൊലപാതകത്തിനു കാരണമായെന്നാണു പോലിസ് നിഗമനം.
ശുഹൈബിനെ വധിക്കുന്നത് സംബന്ധിച്ച ഗൂഢാലോചന നടന്നത് ജയിലിലാണെന്നു കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനു പുറമെ, കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ ശുഹൈബിനെ ആക്രമിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നുവെന്ന് കൂടെ ജയിലില്‍ കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും വെളിപ്പെടുത്തിയിരുന്നു. ജയിലില്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കാര്യം കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും സ്ഥിരീകരിച്ചിട്ടുണ്ട്. സുധാകരന്‍ ഇടപെട്ടാണ് ശുഹൈബിനെ ജയിലില്‍ നിന്ന് മാറ്റിയതെന്നും അദ്ദേഹം പറയുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ ജയിലില്‍ നിന്ന് ഇറങ്ങിയവരും കൊലപാതകത്തില്‍ പങ്കാളികളായെന്ന ആരോപണം ശക്തമാവുകയാണ്.




Next Story

RELATED STORIES

Share it