ശുഹൈബിന്റെ കൊലപാതകം നേതാക്കളുടെ അറിവോടെ

തിരുവനന്തപുരം: യൂത്ത് കോ ണ്‍ഗ്രസ് നേതാവ് ടി എച്ച് ശുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതൃത്വം. കൊലപാതകം സിപിഎം നേതാക്കളുടെ അറിവോടെയാണെന്നും സംഭവം സിപിഎം ഭീകരതയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി പറഞ്ഞു. സിപിഎം ഭീകരതയ്ക്കു മുമ്പില്‍ സംസ്ഥാന പോലിസ് തികച്ചും നിഷ്‌ക്രിയരായി മാറി. അധികാരത്തിന്റെ തണലില്‍ എന്തുമാവാമെന്നതാണു സിപിഎം മനോഭാവം. സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ തന്നെ അക്രമത്തെ പ്രോല്‍സാഹിക്കുന്നു. സ്വന്തം ജില്ലയിലെ ക്രമസമാധാനം പോലും ഉറപ്പുവരുത്താന്‍ കഴിയാത്ത തരത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദയനീയ പരാജയമായി മാറി. യഥാര്‍ഥ കുറ്റക്കാര്‍ക്കു പഴുതില്ലാത്ത നിലയില്‍ ശിക്ഷ ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മറ്റു തരത്തിലുള്ള അന്വേഷണം ആവശ്യപ്പെടേണ്ടി വരുമെന്നും എ കെ ആന്റണി പറഞ്ഞു. ശുഹൈബിന്റെ മരണം കേരളത്തെ നടുക്കിയ സംഭവം ആണെന്നും ജനാധിപത്യ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അധികാരത്തിന്റെ തണലില്‍ എന്തും ചെയ്യാമെന്ന നിലയിലാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. തലകൊയ്യുന്ന ചുവപ്പു ഭീകരതയുടെ തേര്‍വാഴ്ചയ്‌ക്കെതിരേ ജനമനസ്സാക്ഷി ഉണരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ എല്ലാവരും ഒരുമിച്ചു പോരാടണമെന്നും ഇന്നു കണ്ണൂരില്‍ സന്ദര്‍ശനം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ വികൃതമുഖം ഒരിക്കല്‍ക്കൂടി പ്രകടമായെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പ്രതികരിച്ചു.  കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കാതെ, സംരക്ഷിക്കാനാണ് സിപിഎം ശ്രമമെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്നും ഹസന്‍ പറഞ്ഞു. കേരളത്തിലെ ഭരണത്തിനു നേതൃത്വം കൊടുക്കുകയും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നതെന്നു കെപിസിസി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ഒരു ഭാഗത്ത് ബിജെപിയും മറുഭാഗത്ത് കേരളത്തിലെ മുഖ്യ ഭരണകക്ഷിയായ സിപിഎമ്മും ആളെ കൊല്ലാന്‍ മല്‍സരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.അതേസമയം,  ശുഹൈബിന്റെ വീട് സന്ദര്‍ശിക്കാന്‍ നേതാക്കള്‍ പോവുന്നതിനാല്‍ ഇന്നു നടത്താനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവച്ചതായി  ഹസന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it