malappuram local

ശിശുരോഗ വിദഗ്്ധരുടെ കുറവ്്; ബാലാവകാശ കമ്മീഷന്‍ ഇടപെടും

നഹാസ് എം നിസ്താര്‍

മലപ്പുറം: ആശുപത്രികളില്‍ കുട്ടികള്‍ക്ക് ആവശ്യമായ ചികില്‍സകള്‍ ലഭ്യമാക്കാന്‍ ഡോക്ടര്‍ ഇല്ലെങ്കില്‍ ഇനി ബാലാവകാശ കമ്മീഷന്‍ ഇടപെടും. കുട്ടികളുടെ ക്ഷേമവും ആരോഗ്യ പരിരക്ഷയും മുന്‍നിര്‍ത്തിയാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍. കഴിഞ്ഞ ദിവസം ബാലാവകാശകമ്മീഷന്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവിനെച്ചൊല്ലിയുണ്ടായ പരാതിയില്‍ ഇടപെട്ടിരുന്നു. ദിനംപ്രതി മൂന്നൂറോളം കുട്ടികള്‍ ചികില്‍സ തേടിയെത്തുന്ന പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ശിശുരോഗ വിദഗ്ധരില്ലെന്ന പരാതിയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അടിയന്തര റിപോര്‍ട്ട് തേടുകയായിരുന്നു. തിരൂര്‍ക്കാട് സ്വദേശി ഷഹീര്‍ ചിങ്ങത്ത് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ജനുവരി നാലിനകം പരാതി അന്വേഷിച്ച് മറുപടി നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ആശുപത്രി സുപ്രണ്ടിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ആശുപത്രിയിലും ഇനി മുതല്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടുമെന്നാണറിയുന്നത്. കുട്ടികള്‍ക്ക് ചികില്‍സ ലഭിക്കാതിരിക്കല്‍, അസൗകര്യം ഉണ്ടാവല്‍, അവരുടെ പ0നം നഷ്ടപെടല്‍, അനാവശ്യ മരുന്നുകള്‍ നല്‍കല്‍, കൂടുതല്‍ സമയം വരികളില്‍ നിര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം കമ്മീഷന്‍ ഇടപെടും. സര്‍ക്കാറിന്റെ കീഴിലുള്ള മെഡിക്കല്‍ കോളജ്, ജില്ലാ ആശുപത്രികള്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വരെ കമ്മീഷന്റെ ഇടപെടലില്‍ ഉള്‍പെടും. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ മൂന്നൂറോളം കുട്ടികള്‍ ദിനംപ്രതി എത്തുമ്പോഴും ഒരു ഡോക്ടര്‍ മാത്രമാണ് മിക്കപ്പോഴും ഒപിയില്‍ പരിശോധനയ്ക്ക് ഉണ്ടാവുക. ഇക്കാരണത്താല്‍ രാവിലെ 11 മുതല്‍ തന്നെ ഒപി ടിക്കറ്റ് വിതരണം നിര്‍ത്തിവയ്ക്കും. 200 കുട്ടികളെ പരിശോധിക്കാന്‍ മാത്രമാണ് ഒരു ഡോക്ടര്‍ക്ക് സാധിക്കുക. ബാക്കിയുള്ളവരെ ജനറല്‍ വിഭാഗത്തിലേക്ക് അയക്കുകയാണ് പതിവ്.
ചെറിയ കുട്ടികളെയുമെടുത്ത് വരി നില്‍ക്കേണ്ടി വരുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി പരാതിക്കാരന്‍ ചുണ്ടിക്കാട്ടിയിരുന്നു. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഉള്ള ഡോക്ടര്‍മാര്‍ തന്നെ താങ്ങാവുന്നതിലപ്പുറം രോഗികളെ പരിശോധിക്കുമ്പോള്‍ വേണ്ട രീതിയില്‍ രോഗ നിര്‍ണയം നടത്തുന്നതിനും ചികില്‍സ നല്‍കുന്നതിനും ഡോക്ടര്‍ക്ക് സമയവും സൗകര്യവും ലഭിക്കുന്നില്ല. നിസാര രോഗങ്ങള്‍ക്കാണെങ്കില്‍ പോലും ഡോക്ടറെ കാണുന്നതിന് ഏറെ സമയമെടുക്കുമെന്നതിനാല്‍ കുട്ടികളുടെ പഠന ദിവസങ്ങളും ഏറെ നഷ്ടപ്പെടുന്നതായും പരാതിയുണ്ട്. ജനകീയ പരാതികളും, ജനപ്രതിനിധികളുടെ അഭ്യര്‍ഥനകളും, ജില്ലാ ആശുപത്രി അധികൃതരില്‍നിന്ന് രേഖാമൂലമുള്ള ആവശ്യങ്ങളും ഏറെ ഉണ്ടായിട്ടും ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് ജില്ലാ ആശുപത്രിയിലെ ദുരവസ്ഥയ്ക്ക്് കാരണം. സ്ത്രീകളുടെയും കുട്ടികളുടെയും ചികില്‍സ മികവുറ്റതാക്കുന്നതിനായി പ്രത്യേകം കെട്ടിടം നിര്‍മിച്ച് ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, കാര്യമായ നിയമന നടപടികള്‍ ഉണ്ടായില്ല. നിലവിലെ സാഹചര്യത്തില്‍ അഞ്ച് ശിശുരോഗ വിദഗ്ധരുടെ സേവനമാണ് വേണ്ടത്. എന്നാല്‍, മൂന്ന് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഇവര്‍ അവധിയില്‍ പോവുന്നതോടെ  ബുദ്ധിമുട്ടിലേക്ക് നീങ്ങും. നവജാത ശിശുക്കളേയുമായി എത്തുന്ന അമ്മമാര്‍ പരിശോധിക്കാന്‍ ഗൈനക്കോളജിസ്റ്റിനെ കാത്ത് മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നതായും ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് ബാലാവകാശ കമ്മീഷന്‍ ഇടപെട്ടത്.
വര്‍ക്ക് അറേഞ്ച്‌മെന്റിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ ശിശുരോഗ വിഭാഗം പഠിച്ച ഡോക്ടര്‍മാര്‍ ജോലി ചെയ്യേണ്ടി വരുന്നുണ്ട്.
ഇത്തരം അറേഞ്ച്‌മെന്റില്‍ പല ആശുപത്രികളിലും കുട്ടികള്‍ക്ക് ശിശുരോഗ വിദഗ്ധന്റെ സേവനം ഒപികളില്‍ ലഭ്യമാവുന്നില്ല. എന്നാല്‍, സ്വകാര്യ ആശുപത്രികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Next Story

RELATED STORIES

Share it