kasaragod local

ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പരാതി പറയാനുള്ള അവകാശം നിഷേധിച്ച് മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്: ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പരാതി പറയാനുള്ള അവകാശം നിഷേധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ കാസര്‍കോട് ജില്ലയിലെ സിറ്റിങ്. സ്ഥിരമായി കാസര്‍കോട് ഗസ്റ്റ് ഹൗസിലെ ഒന്നാംനിലയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് സിറ്റിങ് നടത്തുന്നത്. എന്നാല്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഇവിടെ എത്തണമെങ്കില്‍ ഇഴഞ്ഞും നിരങ്ങും വേണം. സ്റ്റെപ്പ് കയറി മുകളിലോട്ട് പോകാന്‍ കഴിയാതെ പലരും കമ്മീഷനെ സമീപിക്കുന്നതില്‍ നിന്നും പിന്മാറുന്നുണ്ട്. പരസഹായം ഇല്ലെങ്കില്‍ അംഗപരിമിതര്‍ക്ക് കമ്മീഷന് മുന്നില്‍ പരാതി നല്‍കാനാവില്ല. ചെമനാട് പഞ്ചായത്തിലെ ഖദീജക്ക് മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങില്‍ പരാതി ബോധിപ്പിക്കാനെത്തണമെങ്കില്‍ രണ്ടാളുടെയെങ്കിലും സഹായം വേണം. പരന്ന പ്രതലത്തില്‍ അല്‍പം ഇഴഞ്ഞ് മറ്റുള്ളവരുടെ സഹായമില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഖദീജ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിന്റെ ഒന്നാം നിലയില്‍ ചവിട്ടുപടികളിലൂടെ ഇഴഞ്ഞ് കയറണമെങ്കിലും രണ്ടുപേരുടെ സഹായം വേണം. ലിഫ്‌റ്റൊന്നുമില്ലാത്ത ഗസ്റ്റ് ഹൗസില്‍ വീല്‍ചെയറുണ്ടെങ്കിലും ഒന്നാം നിലയിലെത്തണമെങ്കിലും ചവിട്ടുപടികള്‍ മാത്രമാണുള്ളത്. ചെറുപ്രായത്തില്‍ പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്ന് ഇഴഞ്ഞു ജീവിക്കുന്ന ചെമനാട് പഞ്ചായത്തിലെ മേല്‍പറമ്പ് വള്ളിയോട് മരവയല്‍ റോഡരികിലെ ഖദീജ സിറ്റിങില്‍ പങ്കെടുക്കാനെത്തിയത് തന്റെ യാത്രാപ്രശ്‌നത്തിന് പരാതി പറയാനാണ്. എന്നാല്‍ പരാതി പറയാനെത്തിയ താന്‍ അതിനേക്കാള്‍ ദൈന്യത അനുഭവിച്ച് പരാതി പറയാന്‍ ഒന്നാം നിലയിലെ സിറ്റിങ് ഹാളില്‍ എത്തേണ്ട ഗതികേടിലാണ്.  കഴിഞ്ഞ ദിവസം കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടന്ന കമ്മീഷന്‍ സിറ്റിങില്‍ ശാരീരിക വെല്ലുവിളി നേരിടുന്ന രണ്ടുപേരാണ് പരാതിയുമായെത്തിയത്. ഇത്തരത്തില്‍ ഓരോ സീറ്റിങിലും നിരവധി പേര്‍ പരാതി പറയാനായി ഏറെ ബുദ്ധിമുട്ടി ഗസ്റ്റ് ഹൗസിന്റെ ഒന്നാം നിലയില്‍ എത്താറുണ്ട്. കമ്മീഷന്‍ അംഗത്തിന്റെ യാത്രാ-താമസ സൗകര്യത്തിനാണ് ഇവിടെ തന്നെ സിറ്റിങ് നടത്തുന്നതെന്നാണ് അംഗപരിമിത സംഘടനാ നേതാക്കള്‍ പറയുന്നത്.
Next Story

RELATED STORIES

Share it