ശശി തരൂര്‍ എംപിയുടെ ഓഫിസില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു

തിരുവനന്തപുരം: ഹിന്ദു പാകിസ്താന്‍ പരാമര്‍ശം നടത്തിയ ശശി തരൂര്‍ എംപിയുടെ ഓഫിസില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിനു പിന്നിലുള്ള തരൂരിന്റെ ഓഫിസില്‍ അതിക്രമിച്ചു കയറിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓഫിസിന്റെ കവാടത്തില്‍ റീത്തും വച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. വിവാദ പരാമര്‍ശം നടത്തിയ തരൂര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ഓഫിസിന്റെ കവാടത്തില്‍ കരി ഓയില്‍ ഒഴിക്കുകയും റീത്ത് വയ്ക്കുകയുമായിരുന്നു. ഓഫിസിനു മുന്നില്‍ പാകിസ്താന്‍ ഓഫിസ് എന്ന ഫഌക്‌സും സ്ഥാപിച്ചു. ഓഫിസിലുള്ളവര്‍ വിവരമറിയിച്ചതനുസരിച്ച് പോലിസെത്തി യുവമോര്‍ച്ച പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഹിന്ദു പാകിസ്താന്‍ ആവുമെന്നു തരൂര്‍ പരാമര്‍ശം നടത്തിയിരുന്നു. അതേസമയം, ഓഫിസിനു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ ഓഫിസിനും തനിക്കും സുരക്ഷ കൂട്ടണമെന്നാവശ്യപ്പെട്ടു ശശി തരൂര്‍ എംപി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. തനിക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തേണ്ടത് പോലിസിന്റെ ഉത്തരവാദിത്തമാണെന്നും തരൂര്‍ പറഞ്ഞു.
ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കരി ഓയില്‍ പ്രയോഗം തികഞ്ഞ ഫാഷിസമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനു നേതൃത്വം കൊടുത്തവര്‍ക്കെതിരേ പോലിസ് ശക്തമായ നടപടി കൈക്കൊള്ളണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സംഭവം അങ്ങേയറ്റം കിരാതമായ നടപടിയാണെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. ബിജെപിയുടെ മുഖമുദ്രയായ ഫാഷിസ്റ്റ് മുഖമാണ് ഒരിക്കല്‍ കൂടി പുറത്തുവന്നിരിക്കുന്നത്. എതിര്‍ ശബ്ദങ്ങളെ ചുട്ടുകരിക്കുന്ന ബിജെപിയുടെ ഫാഷിസ്റ്റ് നയത്തിന്റെ ഭാഗം തന്നെയാണ് എംപിയുടെ ഓഫിസിനു നേരെയുള്ള അതിക്രമമെന്നും ഹസന്‍ പറഞ്ഞു. കരിഓയില്‍ ഒഴിച്ച് റീത്ത് വച്ച സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നു കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പറഞ്ഞു. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണിതെന്നും സുധീരന്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it