thiruvananthapuram local

ശശി തരൂരിന്റെ പരിപാടി അലങ്കോലപ്പെടുത്താന്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ശ്രമം

വിഴിഞ്ഞം: പാച്ചല്ലൂര്‍ പാറവിളയില്‍ കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ ഇന്നലെ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ശശി തരൂരിനെതിരെ പ്രതിഷേധവുമായി യുവമോര്‍ച്ചാ പ്രവര്‍ത്തകരും തരൂരിനെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
കയര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പാറവിളയില്‍ പ്രവര്‍ത്തിക്കുന്ന പനത്തുറ കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ സംഘടിപ്പിച്ച ഏകദിന കയര്‍ വ്യവസായ ബോധവല്‍കരണ ക്ലാസ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു. ശശിതരൂര്‍ എംപിക്കെതിരെ വനിതകളടക്കമുള്ള യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തുമെന്ന വിവരം ലഭിച്ചതിനെ തുര്‍ന്ന് ഫോര്‍ട്ട്, വിഴിഞ്ഞം സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്ഥലത്ത് വനിത പോലിസടക്കം കനത്ത പോലിസ് കാവലേര്‍പ്പെടുത്തിയിരുന്നു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് റഹ്മാനും സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയതറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളുമായി സംഘടിച്ചെത്തിയതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
വൈകിട്ട് 5.30 ഓടെ ശശിതരൂര്‍ എത്തിയതോടെ കരിങ്കൊടിയും മുദ്രാവാക്യം വിളികളുമായി മുന്നോട്ട് നീങ്ങാനൊരുങ്ങിയ യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു. പോലിസ് വലയത്തില്‍ ഏറെ നേരം പ്രതിഷേധ മുദ്രാവാക്യം വിളികളുമായി നിന്ന പ്രവര്‍ത്തകര്‍ പിന്നീട് സ്വയം പിരിഞ്ഞ് പോയതോടെ സംഘര്‍ഷാവസ്ഥക്ക് അയവു വന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അകമ്പടിയോടെ സെമിനാര്‍ വേദിയിലേക്ക് പ്രവേശിച്ച ശശിതരൂര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കയര്‍ബോര്‍ഡ് റീജിയണല്‍ ഓഫിസര്‍ വി സുധീര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it