Flash News

ശമ്പളം കുറയ്ക്കണം: ഡോക്ടര്‍മാര്‍ സമരത്തില്‍

ശമ്പളം കുറയ്ക്കണം: ഡോക്ടര്‍മാര്‍ സമരത്തില്‍
X
ക്യുബെക് സിറ്റി: ശമ്പളവര്‍ധന ആവശ്യപ്പെട്ടാണ് സാധാരണ ഉദ്യോഗസ്ഥരും തൊഴിലാളികളും സമരം നടത്താറുള്ളത്.
എന്നാല്‍, കാനഡയില്‍ ക്യുബെക്കിലുള്ള ഒരുകൂട്ടം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം വ്യത്യസ്തമാണ്. തങ്ങളുടെ ശമ്പളം അമിതമായി വര്‍ധിപ്പിച്ച സര്‍ക്കാര്‍നടപടി പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. അമിതമായി ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി നൂറുകണക്കിന് ഡോക്ടര്‍മാര്‍ ഒപ്പിട്ട പരാതിയാണ് സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണിത്. ഫെബ്രുവരി 25 മുതല്‍ ഇവര്‍ ഒപ്പുശേഖരണവും നടത്തിവരുകയാണ്. 750ല്‍ അധികം ഡോക്ടര്‍മാരാണ് ഇതില്‍ പങ്കാളികളായത്.



ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ വര്‍ധന വരുത്തുന്നതിനായി സര്‍ക്കാര്‍ നീക്കിവച്ച 70 കോടി ഡോളര്‍, ആരോഗ്യമേഖലയിലെ വികസനത്തിനും മറ്റു തൊഴിലുകള്‍ ചെയ്യുന്നവരുടെ ശമ്പളവര്‍ധനയ്ക്കുമായി ഉപയോഗിക്കണമെന്നു പരാതിയില്‍ ആവശ്യപ്പെടുന്നു. നഴ്‌സുമാര്‍ക്കും മറ്റു തൊഴിലാളികള്‍ക്കും വളരെ ബുദ്ധിമുട്ടേറിയ തൊഴില്‍ സാഹചര്യമാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ സഹായം വെട്ടിക്കുറച്ചതിനാല്‍ രോഗികള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചത് തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ക്യുബെക്കിലെ പതിനായിരത്തോളം വരുന്ന ഡോക്ടര്‍മാരുടെ പ്രതിവര്‍ഷ ശമ്പളത്തില്‍ 1.4 ശതമാനത്തിന്റെ വര്‍ധന വരുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് 403,537 ഡോളറാണ് ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ ഒരു വര്‍ഷം വര്‍ധനയുണ്ടാവുക.
Next Story

RELATED STORIES

Share it