Azhchavattam

ശബ്ദങ്ങള്‍ തേടിയെത്തിയ രോഗി

ശബ്ദങ്ങള്‍ തേടിയെത്തിയ രോഗി
X
dr-sarafudeensharafudeenകേള്‍വിശക്തി നഷ്ടപ്പെടുക എന്നു പറഞ്ഞാല്‍ ലോകത്തു നിന്നുതന്നെ മുറിച്ചുമാറ്റപ്പെടുക എന്നാണ് അതിനര്‍ഥം. കാഴ്ചയില്ലാത്തവര്‍ക്ക് കേട്ടും മറുപടി പറഞ്ഞും ലോകത്തോട് സംവദിക്കാനാകും, പക്ഷേ, കേള്‍വിശക്തിയില്ലാത്ത ഒരാള്‍ക്ക് ലോകവുമായി സംവദിക്കുക പ്രയാസമാണ്. അതുകൊണ്ടാണ് അന്ധയും ബധിരയുമായിരുന്ന ലോകപ്രശസ്തയായ ഹെലന്‍ കെല്ലര്‍, കേള്‍വിയോ കാഴ്ചയോ ഏതെങ്കിലുമൊന്നു ലഭിക്കുകയാണെങ്കില്‍ കേള്‍വിശക്തിയാണ് താന്‍ തിരഞ്ഞെടുക്കുക എന്നു പറഞ്ഞത്.
ശബ്ദങ്ങള്‍ ചെവിയില്‍ നിന്നു നഷ്ടമാകുന്നത് വല്ലാത്ത അവസ്ഥയാണ്. അന്നോളമുണ്ടായിരുന്ന ജീവിത പരിസരങ്ങള്‍ അതേപടി നിലനില്‍ക്കുമ്പോള്‍ തന്നെ ലോകത്തു നിന്ന് ഒറ്റപ്പെടുന്ന അവസ്ഥയാണ് അത്. കാഴ്ചയില്ലാത്ത ഒരാളെ സമൂഹം അനുകമ്പയോടെയാണ് വീക്ഷിക്കുക. അയാള്‍ക്ക് സഹായങ്ങള്‍ ലഭിക്കും. പക്ഷേ, കേള്‍വിയില്ലാത്ത ഒരു വ്യക്തി സമൂഹത്തില്‍ പലപ്പോഴും പരിഹാസപാത്രമായി മാറും. 'പൊട്ടന്‍' എന്ന ക്രൂരമായ വിളിപ്പേര് പതിച്ചുനല്‍കും. കേള്‍വിശക്തി ആശയവിനിമയത്തെ ബാധിക്കുന്നതോടെ കുടുംബത്തിലും തൊഴിലിടങ്ങളിലും സമൂഹത്തിലും ഏറെ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും.
കേള്‍ക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്ന രോഗവുമായി എന്നെ കാണാനെത്തിയ വാസുവിന്റെ (പേര് സാങ്കല്‍പികം) അവസ്ഥ ഇതെല്ലാം വ്യക്തമാക്കുന്നതായിരുന്നു. എട്ടു വര്‍ഷം മുമ്പാണ് വാസു എന്നെ കാണാനെത്തിയത്. തൃശൂര്‍കാരനാണ് വാസു. കൂലിപ്പണിക്കാരന്‍. ഭാര്യയും ചെറിയ മക്കളുമായി പ്രാരബ്ധമുള്ള കുടുംബം. ഓട്ടോസ്‌ക്ലിറോസിസ് എന്ന രോഗം ബാധിച്ച വാസുവിനു കേള്‍വിശക്തി ദിവസം ചെല്ലുംതോറും നഷ്ടമാവുകയായിരുന്നു.
കൂലിപ്പണിക്ക് വിളിക്കുന്നവര്‍ ചെയ്യാന്‍ പറയുന്നതല്ല വാസു ചെയ്യുക. പറയുന്നത് കേള്‍ക്കാന്‍ കഴിയാത്ത അവസ്ഥ വാസുവിന് അന്നോളം ജീവിതമാര്‍ഗമായിരുന്ന കൂലിപ്പണി പോലും നഷ്ടമാക്കി. കൂടെ പണിയെടുക്കാന്‍ വന്നിരുന്നവരും വാസുവിനെ ഒഴിവാക്കിത്തുടങ്ങി. ഇതിനിടയിലും പലയിടത്തും വാസു ചികില്‍സയ്ക്കായി പോയിരുന്നു. ചെവിക്കകത്തെ മധ്യകര്‍ണത്തിലെ സ്‌റ്റേപ്‌സ് എന്ന അതിസൂക്ഷ്മമായ അസ്ഥി തകരാറിലാകുന്ന അവസ്ഥയാണ് ഓട്ടോസ്‌ക്ലിറോസിസ്. മൈക്രോസ്‌കോപ്പ് ഉപയോഗിച്ചാല്‍ മാത്രം വ്യക്തമായി കാണാന്‍ സാധിക്കുന്ന അത്രയും ചെറിയ അസ്ഥിയാണ് സ്‌റ്റേപ്‌സ്. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയും ഇതുതന്നെയാണ്.
slug-enterogiവാസുവിനു ശരിയായ ചികില്‍സ കിട്ടാന്‍ വൈകിയതിനാല്‍ രോഗം മധ്യകര്‍ണത്തില്‍ നിന്ന് ആന്തരകര്‍ണത്തിലേക്ക് എത്തിയിരുന്നു. എങ്കിലും ശസ്ത്രക്രിയയിലൂടെ രോഗം മാറ്റാന്‍ ശ്രമിക്കാമെന്നു ഞാന്‍ വാസുവിനോട് പറഞ്ഞു. രോഗം ബാധിച്ച അസ്ഥിക്കു പകരം ടൈറ്റാനിയം കൊണ്ടുണ്ടാക്കിയ ഭാഗമാണ് വാസുവിന്റെ ചെവിക്കകത്തു പിടിപ്പിക്കേണ്ടിയിരുന്നത്.
പലയിടങ്ങളിലും ചികില്‍സയ്ക്കായി പോയെങ്കിലും എല്ലായിടത്തുനിന്നും കൈയൊഴിഞ്ഞ വാസുവിന്റെ രോഗം ശസ്ത്രക്രിയയിലൂടെ ഭേദമാക്കാന്‍ ശ്രമിക്കാമെന്ന എന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ കുടുംബം പോലും വേണ്ടത്ര വിശ്വാസത്തിലെടുത്തിരുന്നില്ല. പക്ഷേ, ശസ്ത്രക്രിയക്കു ശേഷം വാസുവിനു കേള്‍വിശക്തി തിരിച്ചുകിട്ടി. ശബ്ദങ്ങള്‍ വീണ്ടും തേടിയെത്തി. കുടുംബവുമായും ജീവിതപരിസരങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. നിശ്ശബ്ദത അദ്ദേഹത്തെ വിട്ടൊഴിഞ്ഞു. ജീവിതത്തിന്റെ ബഹളങ്ങളിലേക്കും തിരക്കുകളിലേക്കും വാസു ഇറങ്ങിനടന്നു.
ശബ്ദങ്ങള്‍ വാസുവിനു തിരികെ കിട്ടിയിട്ട് ഏഴു വര്‍ഷം കഴിഞ്ഞു. പക്ഷേ, വാസു ഇപ്പോഴും എന്നെ തേടിയെത്താറുണ്ട്. വന്നാല്‍ ഉടനെ സ്വന്തം കൃഷിയിടത്തില്‍ വിളഞ്ഞ പഴങ്ങളും ഉണ്ണിയപ്പവും നിറച്ച കവര്‍ സ്‌നേഹത്തോടെ മേശപ്പുറത്തു വയ്ക്കും. വിശേഷങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. മാസങ്ങള്‍ കൂടുമ്പോള്‍ ഫോണ്‍ ചെയ്യും. അപ്പോള്‍ ഞാന്‍ പറയുന്നതെല്ലാം വാസു വളരെ വ്യക്തമായിത്തന്നെ കേള്‍ക്കും. ആശയവിനിമയത്തിന്റെ ലോകം തിരികെ ലഭിച്ച അദ്ദേഹത്തിന്റെ സന്തോഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ശബ്ദങ്ങളിലൂടെ എന്നെ തേടിയെത്തുകയാണ്.
Next Story

RELATED STORIES

Share it