ശബരിമല സ്ത്രീ പ്രവേശനം: ഡല്‍ഹിയില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിരേ അയ്യപ്പ ധര്‍മ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജന്തര്‍മന്ദറില്‍ നടത്തിയ നാമജപയാത്രയില്‍ ഡല്‍ഹിയിലെയും സമീപത്തുള്ള മറ്റ് ഉത്തരേന്ത്യന്‍ നഗരങ്ങളിലെയും അയ്യപ്പഭക്തര്‍ അണിനിരന്നു. പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെ കേരളവര്‍മരാജ നാമജപയാത്ര ഉദ്ഘാടനം ചെയ്തു. അയ്യപ്പഭക്തരുടെ വികാരം മുഖ്യമന്ത്രി മാനിക്കണമെന്ന് കേരളവര്‍മരാജ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രപതിയും അയ്യപ്പഭക്തര്‍ക്കു വേണ്ടി ഇടപെടണം. ഓരോ ക്ഷേത്രത്തിനും ഓരോ പ്രത്യേകതകളുണ്ടെന്നും അതതിടത്തെ ആചാരങ്ങള്‍ക്ക് ലംഘനമുണ്ടാവാതെ മുന്നോട്ടു പോവേണ്ടതുണ്ടെന്നും കേരളവര്‍മരാജ പറഞ്ഞു.
ചിലര്‍ ക്ഷേത്രങ്ങളില്‍ പോവുന്നത് പ്രതിഷേധിക്കാനാണെന്നു സി വി ആനന്ദബോസ് ഐഎഎസ് കുറ്റപ്പെടുത്തി. ക്ഷേത്രത്തില്‍ പോവേണ്ടത് ഏതെങ്കിലും പ്രതിഷേധത്തിന്റെ ഭാഗമായല്ല. ക്ഷേത്രം ആത്യന്തികമായി വിശ്വാസികളുടേത് മാത്രമാണ്. നമ്മുടെ അമ്മമാര്‍ക്ക് തെരുവിലിറങ്ങേണ്ട സാഹചര്യം ഉണ്ടാവാന്‍ പാടില്ലായിരുന്നു. അവരെ തെരുവില്‍ നിന്നു മോചിപ്പിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ധര്‍മ സംരക്ഷണത്തിനായി അതതു സമയത്ത് അക്ഷൗഹിണികള്‍ അണിനിരക്കാറുണ്ടെന്നും അയ്യപ്പന്റെ സൈന്യമാണ് ആചാര സംരക്ഷണത്തിനായി അണിനിരന്ന ആയിരങ്ങളെന്നും ആനന്ദബോസ് പറഞ്ഞു.
അയ്യപ്പ ധര്‍മ സംരക്ഷണ സമിതി അധ്യക്ഷന്‍ എം കെ ജി പിള്ള, സമിതി കോ-ഓഡിനേറ്റര്‍ ബാബു പണിക്കര്‍, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരി, അഡ്വ. ഉഷാ നന്ദിനി, ആര്‍ ആര്‍ നായര്‍, നവോദയം അധ്യക്ഷന്‍ ബാലകൃഷ്ണന്‍, പി കെ സുരേഷ്‌കുമാര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it