ശബരിമല സ്ത്രീ പ്രവേശനം: കോട്ടയത്തും എരുമേലിയിലും പ്രതിഷേധം

കോട്ടയം/എരുമേലി: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന സുപ്രിംകോടതി വിധിക്കെതിരേ കോട്ടയത്തും എരുമേലിയിലും പാലായിലും അടക്കം ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. കോട്ടയത്ത് അയ്യപ്പഭക്ത മഹാസംഗമം സംഘടിപ്പിച്ചായിരുന്നു പ്രതിഷേധം നടന്നത്. എരുമേലിയില്‍ നാമജപ ഘോഷയാത്ര നടന്നു. വിവിധ ഹൈന്ദവ സംഘടനകള്‍ സംയുക്തമായി പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല ഉദ്ഘാടനം ചെയ്തു. നാമജപ ഘോഷയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ഒരു സംഘം പേര്‍ എരുമേലി വലിയമ്പലത്തില്‍ ദേവസ്വം ഓഫിസ് മുറികള്‍ അടച്ച് വാതിലുകള്‍ താഴിട്ട് പൂട്ടുകയും വഴിപാട് കൗണ്ടറും ബോര്‍ഡുകളും തകര്‍ക്കുകയും ചെയ്തു. സംഭവം സംബന്ധിച്ചു പരാതി നല്‍കുമെന്നു ദേവസ്വം അധികൃതര്‍ പറഞ്ഞു.
മരാമത്ത് പണികള്‍ കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ തടഞ്ഞിരുന്നു. ഇതോടെ, ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങളുടെ പണികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ശബരിമല സ്ത്രീ പ്രവേശന ഉത്തരവ് ബാധകമാക്കാതിരിക്കുന്നതിന് ദേവസ്വവും സര്‍ക്കാരും നിയമ നിര്‍മാണം നടത്തണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതിന് നടപടികളാവുന്നതു വരെ എരുമേലി ക്ഷേത്രത്തിലെ ദേവസ്വം ഓഫിസുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറയുന്നു.

Next Story

RELATED STORIES

Share it