ശബരിമല: സമവായം തേടി ദേവസ്വം ബോര്‍ഡ്്‌. ചര്‍ച്ചയ്ക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരേ ഒരു വിഭാഗം പ്രതിഷേധം ശക്തമാക്കുന്നതിനിടയില്‍ ശബരിമല തന്ത്രികുടുംബവുമായും പന്തളം കൊട്ടാരം പ്രതിനിധികളുമായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ചയ്ക്ക്.
മണ്ഡല-മകരവിളക്ക് ഒരുക്കങ്ങളാണ് യോഗത്തിന്റെ അജണ്ടയെങ്കിലും സ്ത്രീപ്രവേശനം സംബന്ധിച്ച വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സമവായത്തിനും ബോര്‍ഡ് ശ്രമിച്ചേക്കും. തന്ത്രിസമാജം, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം, യോഗക്ഷേമസഭ എന്നിവര്‍ക്കും 16ന് നടക്കുന്ന ചര്‍ച്ചയില്‍ ക്ഷണം ലഭിച്ചു. യോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അധ്യക്ഷത വഹിക്കും.
അതേസമയം, മണ്ഡല-മകരവിളക്ക് ഒരുക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നതിന് പന്തളം കൊട്ടാരം പ്രതിനിധികള്‍ ഉപാധികള്‍ മുന്നോട്ടുവച്ചതായാണ് റിപോര്‍ട്ട്. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനാണ് ചര്‍ച്ചയെങ്കില്‍ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര്‍ വര്‍മ പറഞ്ഞു.
യോഗത്തിനു പോവണോ എന്ന കാര്യം തന്ത്രികുടുംബം, തന്ത്രിസമാജം, കൊട്ടാരവുമായി സഹകരിക്കുന്ന മറ്റുള്ളവര്‍ എന്നിവരുമായി ആലോചിച്ചേ തീരുമാനിക്കൂവെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി യോഗം അറിയിച്ചു. പക്ഷേ, മണ്ഡല-മകരവിളക്ക് ഒരുക്കത്തെക്കുറിച്ചാണ് ചര്‍ച്ചയെങ്കില്‍ പരിഗണിക്കും.
അതേസമയം, ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യം എന്‍എസ്എസ് ഉള്‍പ്പെടെയുള്ളവരുമായി കൂട്ടായി ചര്‍ച്ച ചെയ്യുമെന്ന് തന്ത്രി കണ്ഠരര് മോഹനര് പറഞ്ഞു.
പന്തളം കൊട്ടാരം, തന്ത്രിസമാജം, അയ്യപ്പസേവാ സംഘം, യോഗക്ഷേമ സഭ എന്നിവര്‍ക്കാണ് 16ന് ദേവസ്വം ബോര്‍ഡുമായി നടക്കുന്ന ചര്‍ച്ചയിലേക്കു ക്ഷണമുള്ളത്.

Next Story

RELATED STORIES

Share it