kozhikode local

ശബരിമല; സംഘപരിവാരത്തിന് തിരിച്ചടിയായി നാമജപ യാത്രയില്‍ ആയിരങ്ങള്‍

കോഴിക്കോട്: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പങ്കെടുത്തത് ആയിരങ്ങള്‍. പ്രോഗ്രസീവ് ഹിന്ദു ഫോറത്തിന്റെ നേതൃത്വത്തില്‍ മാനാഞ്ചിറ പബ്ലിക് ലൈബ്രറി പരിസരത്താണ് കൂട്ടായ്മ നടന്നത്. വൈകീട്ട് അഞ്ചിന് നടക്കുമെന്ന് പ്രഖ്യാപിച്ച പരിപാടിക്ക് ആദ്യഘട്ടത്തില്‍ അഞ്ഞൂറില്‍താഴെ ആളുകള്‍ മാത്രമാണ് എത്തിയത്.
എന്നാല്‍ നാമജപ യാത്ര ടൗണ്‍ഹാളിന് സമീപത്തിലൂടെ വൈക്കം മുഹമ്മദ് ബഷീര്‍ റോഡ് വഴി പരിപാടി നടക്കുന്ന സ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ ആയിരക്കണക്കിന് പേര്‍ അണിചേരുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ റോഡില്‍ നിന്ന് ശരണം വിളിതുടങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. സംഘാടകര്‍ക്കും നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഇവര്‍ റോഡില്‍ ഇരുന്നു. രണ്ട് മണിക്കൂറോളമാണ് ഗതാഗതം തടസപ്പെട്ടത്. കൂട്ടായ്മ സാമൂഹിക സമത്വ മുന്നണി സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി കോഴിക്കോട് താലൂക്ക് യൂനിയന്‍ സെക്രട്ടറി സി സുധീഷ് അധ്യക്ഷനായിരുന്നു.
അഡ്വ. എസ് പ്രഹ്ലാദന്‍, മൂലയില്‍ ഹരിദാസ് പണിക്കര്‍, എം സി സുധാമണി, എം അനൂപ്, ഹര്‍ഷന്‍ കാമ്പുറം, ശ്രീനിവാസന്‍ പാലേരി, പി ഷനൂബ് തുടങ്ങിയവര്‍ സംസാരിച്ചു. ട്രാഫിക് നോര്‍ത് അസി. കമീഷണര്‍ പി കെ രാജു, ടൗണ്‍ സിഐ എ ഉമേഷ് എന്നിവരുടെ നേതൃത്വത്തില്‍ വനിത പോലളസുകാരുള്‍പ്പെടെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. അതേസമയം തങ്ങളുടെ ആഭിമുഖ്യത്തിലല്ലാത്തതിനാല്‍ പരിപാടി പരാജയപ്പെടുത്തണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ സംഘടനകള്‍ പരസ്യപ്രസ്താവന ഇറക്കിയിരുന്നു. ഇത് തള്ളി ആയിരങ്ങള്‍ പരിപാടിക്കെത്തിയത് സംഘ്പരിവാറിനും തിരിച്ചടിയായി.

Next Story

RELATED STORIES

Share it